തിരുവനന്തപുരം: ക്ലാസ്മുറിയിൽ വച്ച് ഏഴാം ക്ലാസ്സുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. ക്രിസ്തുമസ് ആഘോഷത്തിനിടയിലാരുന്നു സംഭവം. നെയ്യാറ്റിൻകര ചെങ്കൽ സ്‌കൂളിലെ വിദ്യാർത്ഥിയായ നേഹക്കാണ് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റത്. കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. നേഹയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ല.അതിനിടെ ചെങ്കൽ യുപി സ്‌കൂൾ പരിസരത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ മാധ്യമങ്ങളെ സ്കൂൾ മാനേജർ അകത്തേക്ക് കടത്തിവിട്ടില്ല. നിങ്ങൾ അകത്തേക്ക് കയറേണ്ടതില്ലെന്നായിരുന്നു മാനേജറുടെ പ്രതികരണം. തുടർന്ന് പ്രധാന ഗേറ്റിലൂടെ സ്കൂളിനകത്തേക്ക് പോയ സംഘം കണ്ടത് കാടുമൂടി കിടക്കുന്ന സ്കൂൾ പരിസരമാണ്. ക്ലാസ് മുറിയിൽ പാമ്പ് കയറാനുള്ള സാഹചര്യവും ഇതുതന്നെ ആയിരിക്കണം. കൂടാതെ മാനേജ്മെന്റാണ് സ്കൂളും പരിസരവും കാടുമൂടിക്കിടക്കുന്നതിന്റെ ഉത്തരവാദിയെന്ന് നാട്ടുകാർ പ്രതികരിച്ചു.സംഭവത്തെ പറ്റി വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി ശിവൻകുട്ടി നിർദേശം നൽകി.