എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിൽ രണ്ടാനമ്മയുടെ ക്രൂരതയിൽ മരണപ്പെട്ട ആറുവയസുകാരി മുസ്കാനെ ഖബറടക്കി.താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം അച്ഛൻ അജാസ് ഖാൻ ഏറ്റുവാങ്ങിയിരുന്നു. തുടർനടപടികൾ പൂർത്തിയാക്കിയതിന് ശേഷം സംസ്കാരം നടത്തി. കോതമംഗലം കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.സംസ്‌കാരച്ചടങ്ങിൽ നാട്ടുകാരും ബന്ധുക്കളും പങ്കെടുത്തിരുന്നു.വ്യാഴാഴ്ച രാവിലെയാണ് കോതമംഗലം നെല്ലിക്കുഴിയിലെ വീട്ടിനുള്ളിൽ ആറുവയസുകാരി മുസ്‌കാൻ്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവും ഉത്തർപ്രദേശ് സ്വദേശിയുമായ അജാസ് ഖാനും രണ്ടാം ഭാര്യ അനീഷയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി അജാസ് ഖാൻ വീട്ടിലില്ലാത്ത സമയത്താണ് അനീഷ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കുട്ടി അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്നെങ്കിലും പിറ്റേന്ന് ഉണർന്നില്ലെന്നാണ് ആദ്യം വീട്ടുകാർ പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പിതാവിനെയും അനീഷയെയും ചോദ്യം ചെയ്തപ്പോൾ കൊലപാതകത്തിന് ഉത്തരവാദി അനീഷയാണെന്ന് പോലീസ് കണ്ടെത്തുകയും അറസ്റ് ചെയുകയും ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്.