കല്ലടിക്കോട്: കടയിൽ നിന്നും വാങ്ങിയ മിഠായി കഴിച്ച് കളിതമാശകൾ പറഞ്ഞുവരുന്നതിനിടെ കൂട്ടുകാരികളെ കൺമുന്നിൽ നിന്നും മരണം കവർന്നെടുത്തുകൊണ്ട് പോകുന്നത് കാണേണ്ടിവന്ന പതിമൂന്നൂകാരി.. തൊട്ടടുത്ത് മകൾ മരണത്തെ പുൽകുമ്പോൾ കൂട്ടുകാരിയെ വാരിയെടുത്ത് രക്ഷിച്ച ഉമ്മ.. പാലക്കാട് കല്ലടിക്കോട് ​ഗ്രാമത്തിന് ഇന്നലത്തെ ദിവസം സമ്മാനിച്ചത് നൊമ്പരങ്ങളുടെ ഓർമ്മകളാണ്. പരീക്ഷ കഴിഞ്ഞിറങ്ങി വീട്ടിലേക്ക് നടന്നു നീങ്ങിയ അഞ്ചു പെൺകുട്ടികളിൽ നാലുപേരുടെ ജീവനാണ് നിയന്ത്രണം വിട്ട് പാഞ്ഞുവന്ന ലോറി കവർന്നെടുത്തത്. അഞ്ചു പേരിൽ റിയ അജ്ന എന്നകുട്ടി മാത്രമാണ് രക്ഷപെട്ടത്. ആ കാഴ്ച്ചയുടെ നടുക്കത്തിൽ നിന്നും റിയ അജ്ന ഇപ്പോഴും മോചിതയായിട്ടില്ല.‘ഞങ്ങളെല്ലാരുംകൂടെ നടന്നു പോകുമ്പോഴാണ് ആ ലോറി വന്നത്. ഞാൻ കുറച്ച് പുറകിലായിരുന്നു. ലോറിതട്ടി തൊട്ടപ്പുറത്തെ കുഴിയിലേക്ക് ഞാൻ വീണു. അപകടംകണ്ട് ആദ്യം എന്നെ വന്നെടുത്തത് ഇർഫാനയുടെ ഉമ്മയാണ്’ കൂട്ടുകാരികളായ നാലുപേരും പൊടുന്നനെ എന്നന്നേക്കുമായി വിട്ടുപിരിഞ്ഞത് വിശ്വസിക്കാനാകാതെ മരവിച്ച അവസ്ഥയിൽ അജ്‌ന ഓർത്തെടുത്തു.ചെറുള്ളി അബ്ദുൽ സലാമിന്റെ മകൾ ഇർഫാന ഷെറിൻ, അബ്ദുൽ റഫീഖിന്റെ മകൾ റിദ ഫാത്തിമ, സലാമിന്റെ മകൾ നിതാ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നിയന്ത്രണം വിട്ട് കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറിയ ലോറി മറിയുകയായിരുന്നു. ലോറി നിറയെ സിമന്റ് ചാക്കുകളുമുണ്ടായിരുന്നു.ഇർഫാന അപകടത്തിൽപ്പെടുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വന്ന ഉമ്മയെക്കുറിച്ചോർത്തും അജ്‌ന വിങ്ങിപ്പൊട്ടി. ദന്തഡോക്ടറെ കാണാനായെത്തിയ ഇർഫാനയുടെ ഉമ്മ കുട്ടികൾ നടന്നുപോകുന്നത് കണ്ടിരുന്നു. ലോറി വന്നിടിച്ചതും അവർ ഓടിച്ചെന്ന് വീണുകിടക്കുന്ന അജ്‌നയെ വാരിയെടുത്തു. ഓടിക്കൂടിയവരിലൊരാൾ അജ്‌നയോട് പേരും വിലാസവും ചോദിച്ച് വീട്ടുകാരെ വിവരമറിയിച്ചു. രക്ഷിതാക്കളെത്തി അജ്‌നയെ കൊണ്ടുപോകുകയായിരുന്നു.പരീക്ഷ കഴിഞ്ഞ് തൊട്ടപ്പുറത്തെ കടയിൽനിന്ന് മിഠായിയും വാങ്ങിക്കഴിച്ചാണ് അവർ കളിചിരിയുമായി നടന്നുപോയത്. നടന്നുപോകുമ്പോൾ കൂട്ടുകാരികളുടെ റൈറ്റിങ് പാഡും കുടയുമെല്ലാം അജ്‌നയുടെ ബാഗിലായിരുന്നു. നടക്കുന്നതിനിടെ നിദയുടെ നനഞ്ഞ കുട ബാഗിൽ വയ്ക്കാൻ ഇടമില്ലെന്നു പറഞ്ഞ് അജ്നയെ ഏൽപിക്കുകയായിരുന്നു. ‘എങ്കിൽ നീ ഈ റൈറ്റിങ് ബോർഡ് കൂടി പിടിക്കെടീ’ എന്നായി റിദ. അജ്നയുടെ ഒരു പെൻസിൽ ബോക്സ് റിദയുടെ ബാഗിൽ ഉണ്ടായിരുന്നു. അതു വീട്ടിലെത്തിയിട്ടു തരാമെന്നു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും നാലു പേരെയും മരണം കവർന്നു. നാലു കൂട്ടുകാർ ചേർത്തുപിടിച്ചിരുന്ന അജ്നയുടെ കൈകളിൽ ആ കുടയും റൈറ്റിങ് ബോർഡും കുറെ ഓർമകളും മാത്രമാണ് ഇന്ന് ബാക്കി..

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!