ചെങ്ങന്നൂർ: സംവിധായകൻ പി.ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 5:40നായിരുന്നു അന്ത്യം. കുറച്ചുനാളുകളായി വൃക്ക -ഹൃദയസംബന്ധമായ രോഗങ്ങളുടെ പിടിയിലായിരുന്നു ബാലചന്ദ്രകുമാർ. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു പി ബാലചന്ദ്രകുമാർ. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതോടെ വിവാദ കേന്ദ്രമായിരുന്നു ഇദ്ദേഹം.നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് നടൻ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം കോടതിയിൽ നടക്കുകയാണ്.2013ൽ പുറത്തിറങ്ങിയ ‘കൗ ബോയ്’ എന്ന ചിത്രം സംവിധാന ചെയ്തത് പി ബാലചന്ദ്രകുമാറായിരുന്നു.