ന്യൂഡൽഹി: വിവാഹം കഴിക്കാൻ തയ്യാറായില്ല എന്നതിന്റെ പേരിൽ മാത്രം ആത്മഹത്യാപ്രേരണകുറ്റം ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. മരിച്ചയാൾക്ക് ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന സാഹചര്യം കുറ്റാരോപിതൻ സൃഷ്ടിച്ചാൽ മാത്രമേ ആത്മ​ഹത്യാപ്രേരണകുറ്റം നിലനിൽക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. കമറുദ്ദീൻ ദസ്തഗിർ സനാദി എന്ന യുവാവിനെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയ കേസിൽ തീർപ്പു കൽപ്പിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.കമറുദ്ദീൻ ദസ്തഗിർ സനാദിയുടെ പെൺസുഹൃത്തായിരുന്ന 21-കാരി 2007 ഓഗസ്റ്റിൽ ആത്മഹത്യചെയ്തിരുന്നു. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന യുവതിയുടെ മാതാവിന്റെ പരാതിയിൽ സനാദിക്കെതിരെ കേസെടുത്തു. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ സനാദിയെ ഹൈക്കോടതി ശിക്ഷിച്ചു. വഞ്ചന, ആത്മഹത്യാപ്രേരണക്കുറ്റങ്ങളിൽ സനാദിയെ കുറ്റക്കാരനാണെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. ഇതാണ്‌ സുപ്രീംകോടതിയിലെ ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, ഉജ്ജ്വൽ ഭുയാൻ എന്നിവരുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയത്‌.സനാദിക്കെതിരെ ഐ.പി.സിയുടെ 417 (വഞ്ചന), 306 (ആത്മഹത്യപ്രേരണ), 376 (ബലാത്സംഗം) വകുപ്പുകളായിരുന്നു ചുമത്തിയത്. കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗം ഒഴികെയുള്ള വകുപ്പുകളിൽ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചു. അഞ്ചുവർഷം തടവും 25,000 രൂപ പിഴയുമായിരുന്നു ശിക്ഷ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!