കണ്ണൂർ: ബസപകടത്തിൽ മരിച്ച നാടക നടിമാരുടെ സംസ്കാര ചടങ്ങുകൾ ഇന്ന്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹങ്ങൾ ഇന്നു രാവിലെ കായംകുളം കെപിഎസിയിൽ പൊതുദർശനത്തിന് ശേഷം ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോകും. കായംകുളം മുതുകുളത്തെ വീട്ടിലെത്തിക്കുന്ന അഞ്ജലിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. ജെസിയുടെ മൃതദേഹം കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിച്ചതിന് ശേഷം മുളങ്കാടകം പൊതുശ്മശാനത്തിൽ സംസ്കാരിക്കും.ഇന്നലെ രാവിലെയാണ് കണ്ണൂർ കേളകത്ത് നടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടമുണ്ടായത്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ നാടക സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റ എറണാകുളം സ്വദേശികളായ ഉമേഷ് (39), ബിന്ദു (56), സുരേഷ് (60), വിജയകുമാർ (52), കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ (43), കായംകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), കൊല്ലം സ്വദേശി ശ്യാം (38), അതിരുങ്കൽ സ്വദേശി സുഭാഷ് (59),മുഹമ്മ സ്വദേശി സജിമോൻ, ചേർത്തല മറ്റവന സ്വദേശി സാബു, കൊല്ലം പന്മന സ്വദേശി അജയകുമാർ എന്നിവർ ചികിത്സയിലാണ്. ചിലരുടെ പരിക്ക് ഗുരുതരമാണ്. ജെസി മോഹന്റെ ഭർത്താവും നാടക നടനുമായിരുന്ന തേവലക്കര മോഹൻ അഞ്ചുമാസം മുമ്പാണ് മരിച്ചത്. മകൾ: സ്വാതി മോഹൻ. മരുമകൻ: അനു. അഞ്ജലിക്ക് ഒരു മകനുണ്ട്. മൂന്നരവയസുകാരൻ ഡ്രോൺ. ഭർത്താവ് ശ്രീകൃഷ്ണൻ നാടക നടനാണ്.