തിരുവനന്തപുരം: ഭിന്നശേഷിക്കാരായ അധ്യാപകരെ കിട്ടാനില്ലാത്തതിനാൽ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങൾ സ്തംഭിച്ചു. ഭിന്നശേഷി സംവരണം ഉറപ്പാക്കുന്നതിനുള്ള കോടതി ഉത്തരവുകളും സർക്കാർ നിർദേശങ്ങളും ഉള്ളതിനാൽ ഭിന്നശേഷിക്കാരല്ലാത്ത അധ്യാപകരെ നിയമിക്കാനും കഴിയില്ല. ഭിന്നശേഷിക്കാർക്ക് മുൻകാല പ്രാബല്യത്തോടെ നിശ്ചിതശതമാനം സംവരണം ഉറപ്പാക്കണമെന്ന കോടതിവിധിയും പലവിഷയങ്ങളിലും ഈ വിഭാഗത്തിലെ യോഗ്യരായ അധ്യാപകരെ കിട്ടാനില്ലാത്തതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.ഭിന്നശേഷി നിയമനം നടക്കാത്തതിനാൽ മറ്റ് നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുന്നില്ല. ഇതിനോടകം നിയമനം ലഭിച്ചവരും ദിവസവേതനത്തിൽ തുടരേണ്ട സ്ഥിതിയാണ്. 2022 മുതൽ 16,000-ത്തോളം അധ്യാപകർ ഇങ്ങനെ ദിവസവേതനത്തിൽ തുടരുന്നുണ്ടെന്നാണ് കണക്ക്.നിയമനവും നിയമനാംഗീകാരവും നീളുന്ന സാഹചര്യത്തിൽ ഹയർസെക്കൻഡറിയിലടക്കം സ്ഥാനക്കയറ്റവും മുടങ്ങി.സംസ്ഥാനത്തെ ഒരു പ്രമുഖ കോർപ്പറേറ്റ് മാനേജ്‌മെന്റ് വിവിധ വിഭാഗങ്ങളിലായി ഭിന്നശേഷി സംവരണപ്രകാരം അഞ്ചുപേരെ നിയമിച്ചു. പ്രൈമറി വിഭാഗത്തിൽ ഒരാളെക്കൂടി നിയമിച്ചാൽ മാത്രമേ സർക്കാർ നിർദേശപ്രകാരമുള്ള ‘ബാക് ലോഗ്’ പൂർത്തിയാക്കാനാകൂ. അതിനായി സ്പെഷ്യൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽനിന്നുള്ള പട്ടികപ്രകാരം 15 പേർക്കായി അഭിമുഖം നിശ്ചയിച്ചു. അഭിമുഖത്തിന് ആരുമെത്തിയില്ല.സംസ്ഥാനത്തെ എല്ലാ മേഖലകളിൽനിന്നും ഇതിനായി ഉദ്യോഗാർഥികളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ആരുമുണ്ടായില്ല. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ പട്ടികയിലുള്ളവരിൽ പലരും പലയിടങ്ങളിൽ ജോലിചെയ്യുന്നവരാണെന്നാണ് കണ്ടെത്തിയത്. ഈ ഒഴിവ് തുടരുന്നതുകാരണം മറ്റു നിയമനങ്ങൾ ദിവസവേതനാടിസ്ഥാനത്തിൽ തുടരുകയാണ്. ഇത് തുല്യനീതിയുടെ നിഷേധമാണെന്നാണ് മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്. നിലവിൽ പല വിഷയങ്ങൾക്കും സ്ഥിരം അധ്യാപകരില്ല. ഇതാണ് ഇപ്പോൾ എയ്ഡഡ് മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് കേരള പ്രൈവറ്റ് സ്കൂൾ (എയ്ഡഡ്) മാനേജേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മണി കൊല്ലം ചൂണ്ടിക്കാട്ടി.അംഗീകാരം ദിവസവേതനത്തിന്പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി ജൂനിയർ, സീനിയർ, അനധ്യാപകർ എന്നീ വിഭാഗങ്ങളിലെ നിയമനത്തിനാണ് കോടതി വിധിപ്രകാരം ഭിന്നശേഷിക്കാർക്ക് സംവരണം നൽകേണ്ടത്. 1996 ഫെബ്രുവരി ഏഴുമുതൽ 2017 ഏപ്രിൽ 18 വരെ നടത്തിയ നിയമനങ്ങളിൽ മൂന്നുശതമാനവും 2017 ഏപ്രിൽ 19 മുതലുള്ള നിയമനങ്ങളിൽ നാലുശതമാനവും (ബാക് ലോഗ്) ഉറപ്പാക്കിവേണം 2021 നവംബർ എട്ടുമുതലുള്ള ഒഴിവുകളിൽ നിയമനം നടത്താനെന്നാണ് സർക്കാർ ഉത്തരവ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!