ഡ്രൈവിങ് ലൈസന്‍സ് വിശദാംശങ്ങള്‍ക്കുള്ള അപേക്ഷകൾ കൂടിയ സാഹചര്യത്തിൽ സര്‍വീസ് ചാര്‍ജ് കുത്തനെ കൂട്ടി മോട്ടോർ വാഹന വകുപ്പ്. 30 രൂപമാത്രമായിരുന്ന സർവീസ് ചാർജ് 200 രൂപയായി ഉയര്‍ത്തിയാണ് മോട്ടോർ വാഹന വകുപ്പി​ന്റെ പകൽകൊള്ള. രഹസ്യമായിട്ടാണ് നിരക്ക് വര്‍ധന നടപ്പാക്കിയത്. 50 രൂപ ഫീസും, 30 രൂപ സര്‍വീസ് ചാര്‍ജും ചേർത്ത് 80 രൂപ കൊടുത്തിരുന്നിടത്ത് ഇപ്പോൾ 250 രൂപയാണ് നല്‍കേണ്ടത്. മോട്ടോർ വാഹന വകുപ്പിന് ഒരു രൂപ പോലും മുതൽ മുടക്കില്ലാത്ത കാര്യത്തിനാണ് ഇപ്പോൾ ചാർജ് കുത്തനെ കൂട്ടിയിരിക്കുന്നത്.ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പിന് സര്‍വീസ് ചാര്‍ജ് 60 രൂപയില്‍നിന്ന് 200 രൂപയായി കൂട്ടിയതിനു പിന്നാലെയാണ് ഈ മാറ്റവും.ലൈസന്‍സ് കാര്‍ഡ് അച്ചടി നിര്‍ത്തിയതിലെ നഷ്ടം നികത്താനാണ് സര്‍വീസ് ചാര്‍ജുകള്‍ കുത്തനെ ഉയര്‍ത്തിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒരു വ്യക്തിയുടെ ലൈസന്‍സ് സംബന്ധമായ പൂര്‍ണ വിവരങ്ങളുടെ പകര്‍പ്പാണ് ലൈസന്‍സ് വിശദാംശങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഫീസും സര്‍വീസ് ചാര്‍ജും വാങ്ങിയിരുന്നെങ്കിലും ഇതിന്റെ ഡിജിറ്റല്‍ പകര്‍പ്പാണ് നല്‍കിയിരുന്നത്. അച്ചടിക്കുന്നതില്‍പ്പോലും മോട്ടോര്‍വാഹന വകുപ്പിനു ചെലവില്ലായിരുന്നു.കേന്ദ്രസര്‍ക്കാര്‍ സോഫ്റ്റ്വേറായ സാരഥിയിലാണ് ലൈസന്‍സ് സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നത്. ലൈസന്‍സ് അപേക്ഷിക്കുമ്പോള്‍ നല്‍കുന്ന അടിസ്ഥാന വിവരങ്ങള്‍മുതല്‍ വിവിധ കാലങ്ങളില്‍ നേരിട്ടിട്ടുള്ള അച്ചടക്ക നടപടികള്‍വരെ വിശദാംശങ്ങളില്‍ ലഭിക്കും. ലൈസന്‍സില്‍ പരിമിതമായ വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാല്‍ ഡ്രൈവര്‍ ജോലിക്കുള്ള അപേക്ഷകളില്‍ പി.എസ്.സി.യും ലൈസന്‍സ് വിശദാംശങ്ങള്‍ ആവശ്യപ്പെടാറുണ്ട്. വിദേശത്തേക്കു പോകുന്നവരും ലൈസന്‍സ് വിശദാംശങ്ങളുടെ പകര്‍പ്പ് എടുക്കാറുണ്ട്.ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിഗണിച്ച് സോഫ്റ്റ്വേര്‍ നേരിട്ടാണ് പകര്‍പ്പ് നല്‍കുന്നത്. ഉദ്യോഗസ്ഥ ഇടപെടല്‍ ആവശ്യമില്ലാത്ത (ഓട്ടോ അപ്രൂവല്‍) വിഭാഗത്തിലാണ് ലൈസന്‍സ് വിശദാംശങ്ങളുടെ അപേക്ഷകളുള്ളത്. മോട്ടോര്‍ വാഹവകുപ്പിനു യാതൊരു മുതല്‍മുടക്കുമില്ലാത്ത അപേക്ഷയിലാണ് സര്‍വീസ് ചാര്‍ജ് കുത്തനെ കൂട്ടിയത്.ഡ്രൈവിങ് ലൈസന്‍സ് അച്ചടി നിര്‍ത്തിവെച്ചതിനാല്‍ ലൈസന്‍സ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ കുത്തനെ കൂടിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് നിരക്ക് ഉയര്‍ത്തിയത്. ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റല്‍ പകര്‍പ്പിലേക്ക് മാറിയപ്പോള്‍ സര്‍വീസ് ചാര്‍ജ് ഉയര്‍ത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!