തിരുവനന്തപുരം: ഈ വർഷം കേരളീയം പരിപാടി വേണ്ടെന്ന് വയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പരിപാടി വേണ്ടെന്ന് വയ്ക്കുന്നു എന്നാണ് സർക്കാർ നിലപാട്. കഴിഞ്ഞ തവണ കേരളിയം പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വിമർശനം നേരിട്ടിരുന്നു.വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വൻതോതിൽ ധനസമാഹരണം ഈ സാഹചര്യത്തിൽ വേണ്ടെന്നാണ് സർക്കാർ തലത്തിലെ ധാരണ. ധനപ്രതിസന്ധിയെത്തുടർന്ന് പദ്ധതി ചെലവുകൾ പകുതി വെട്ടിക്കുറയ്ക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. എല്ലാവർഷവും കേരളീയം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ നവംബറിലാണ് കേരളീയം പരിപാടി നടന്നതെങ്കിലും ഇക്കുറി ഡിസംബറിൽ നടത്താനായിരുന്നു തീരുമാനം. പിന്നീടിത് ജനുവരിയിൽ നടത്തുമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പൂർണമായും കേരളീയം പരിപാടി ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.