മാഹി: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചയാളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നാടുവിട്ടു. പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരിയാണ് സുഹൃത്തിന്റെയൊപ്പം പോയത്. പോലീസിന്റെ തിരച്ചിലിൽ ഇരുവരെയും ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന 18കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊക്ലി മേനപ്രത്തെ മുഹമ്മദ് ബിനിനെയും (18) പെൺകുട്ടിയെയും കണ്ടെത്തിയത്. ഇവരെ സഹായിച്ച ചൊക്ലി അണിയാരത്തെ തൈക്കണ്ടിയിൽ കെ.പി.സനീദിനെ(18) നേരത്തേ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈയാളെ ജാമ്യത്തിൽ വിട്ടു. മുഹമ്മദ് ബിൻ ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയുമായി സൗഹൃദത്തിലായത്. പെൺകുട്ടിയെ ബന്ധുക്കളെ ഏൽപിച്ചു. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ബിൻനെ മാഹി ജുഡീഷ്യൽ മജിസ്ട്രേട്ട് റിമാൻഡ് ചെയ്തു.സിഐ ആർ ഷൺമുഖം, പള്ളൂർ എസ്എച്ച്ഒ സി.വി.റെനിൽ കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്ഐമാരായ കിഷോർ കുമാർ, സരോഷ് കുമാർ, എഎസ്ഐ സി.വി.ശ്രീജേഷ്, മഹേഷ്, സ്പെഷൽ ഗ്രേഡ് വനിത എസ്ഐ ബീന പാറമ്മേൽ, ശ്രീദേവ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.