കൽപ്പറ്റ: നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്നും ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37,91,47432 കോടിയുടെ ആസ്തിയും രാഹുൽ ഗാന്ധിയുമായി ചേർന്ന് ദില്ലി മെഹ്റോളിയിലും കൃഷിസ്ഥലമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പിജി ഡിപ്ലോമ ഇൻ ബുദ്ധിസ്റ്റ് സ്റ്റഡീസിലാണ് പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യതയെന്നും നാമനിർദേശ പത്രികയിൽ വ്യക്തമാക്കുന്നു.രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. എന്നാൽ കൃഷിസ്ഥലം അല്ലാത്ത ഭൂമി കൈവശം ഇല്ലെന്നും പറയുന്നു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ വീടുണ്ട്. 5.64 കോടി രൂപ വിലമതിക്കുന്ന വീടാണ് ഷിംലയിൽ ഉള്ളത്. ആകെ ഭൂമിയും വീടും അടക്കം 7 കോടി 74 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. 15,75,000 രൂപയുടെ ബാധ്യത ഉണ്ടെന്നും ഭർത്താവ് റോബർട്ട് വാദ്രക്ക് 10 കോടി രൂപ ബാധ്യതയുണ്ടെന്നും സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു. വയനാട്ടിൽ മത്സരിക്കാനാവുന്നതിൽ സന്തോഷമെന്നും ജനം തന്നെ തെരഞ്ഞെടുത്താൽ ഭാഗ്യമായി കരുതുമെന്നും നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാടിനെ കൈവിടില്ലെന്നും ഏത് സങ്കടത്തിലും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇത് എന്റെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരും ഗുരുക്കൻമാരാണ്. രാഹുലിന് പോരാടാനുള്ള കരുത്ത് നൽകിയത് വയനാടാണ്. എന്‍റെ കുടുംബം വയനാടിനോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!