പാലക്കാട്: അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതെന്നും നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനെന്നും പി വി അന്‍വര്‍ എംഎൽഎ. ശക്തി പ്രകടനത്തിന് കൂലിക്ക് ആളെ എത്തിച്ചെന്ന പരിഹാസത്തിനും അൻവർ മറുപടി നൽകി. ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. ഡിഎംകെ റാലിയിൽ സിപിഎം ചിലരെ തിരുകി കയറ്റി. അവരാണ് കൂലിക്ക് വന്നതെന്ന് പറഞ്ഞത്. ഇതിന് പിന്നില്‍ സിപിഎം ആണെന്നും അൻവർ ആരോപിച്ചു.പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള ഇന്നലെ പിൻവലിച്ചിരുന്നു. ചേലക്കരയിൽ ഡിഎംകെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അൻവർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചേലക്കരയിലുള്ളത് പിന്നറായിസമാണ്. അതിനെ തടയാൻ എൻ കെ സുധീറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് യുഡിഎഫിനോട് കെഞ്ചി പറഞ്ഞു. ചേലക്കരയിൽ ഇനി ചർച്ചയില്ലെന്നുമാണ് അൻവർ പറുയുന്നത്.