കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എഡിഎം നവീൻ ബാബുവിന് എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിന് നവീൻ ബാബു കാലതാമസം വരുത്തിയെന്നായിരുന്നു നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ ആരോപിച്ചിരുന്നത്. എന്നാൽ, പെട്രോൾ പമ്പിന് അനുമതി നൽകുന്ന കാര്യത്തിൽ ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.ഒരാഴ്ച കൊണ്ട് പെട്രോൾ പമ്പിന് എൻഒസി ഫയൽ തീർപ്പാക്കിയെന്നാണ് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ടൗൺ പ്ലാനർ റിപ്പോർട്ട്‌ നൽകി ഒൻപതാം ദിവസം എൻഒസി നൽകിയെന്നാണ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. സെപ്റ്റംബർ 30 നാണ് ടൗൺ പ്ലാനർ റിപ്പോർട്ട് നൽകിയത്. 9 ദിവസത്തിന് ശേഷം ഒക്ടോബർ 9 ന് എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.ചെങ്ങളായി പഞ്ചായത്തും ഫയർ ഓഫീസറും തളിപ്പറമ്പ് തഹസിൽദാരും ജില്ലാ സപ്ലൈ ഓഫീസറും അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും ജില്ലാ പൊലീസ് മേധാവി എൻഒസി എതിർത്തിരുന്നു. പെട്രോൾ പമ്പ് സ്ഥാപിക്കുന്ന സ്ഥലത്തെ റോഡിലെ വളവ് കാരണമായിരുന്നു പൊലീസ് എതിർപ്പ് അറിയിച്ചത്. ഇതോടെ എഡിഎം ടൗൺ പ്ലാനറുടെ റിപ്പോർട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയും അനുമതി നൽകാമെന്നായിരുന്നു ടൗൺ പ്ലാനറുടെ റിപ്പോർട്ട്. ഇതിന് പിറകെ സ്ഥലം സന്ദർശിച്ച എഡിഎം അനുമതി നൽകുകയായിരുന്നു. ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!