തിരുവനന്തപുരം: ഈ വർഷത്തെ ഓണത്തിന് ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വിൽപ്പനക്കാര്‍ക്കും ഉത്സവബത്ത അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 7000 രൂപയാണ് ഉത്സവബത്തയായി ലഭിക്കുക. പെൻഷൻകാര്‍ക്ക് 2500യും അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്ക് 6000 രൂപയും പെൻഷൻകാര്‍ക്ക് 2000 രൂപയും ആയിരുന്നു നൽകിയിരുന്നത്. 35000 പേരാണ് ഏജന്റുമാരും വിൽപ്പനക്കാരും അടക്കം കേരളത്തിലുള്ളത്. ഇവർക്ക് നൽകാനായി മൊത്തം 26.67 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാര്‍ 4000 രൂപ ബോണസ് പ്രഖ്യാപിച്ചിരുന്നു. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കുമെന്നും ധനവകുപ്പ് അറിയിച്ചു.സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍,- സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവ ബത്ത ലഭിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ജീവനക്കാരുടെ ഓണം ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ വര്‍ഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കിയെന്നും ധനവകുപ്പ് അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!