സുല്‍ത്താന്‍ബത്തേരി: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങി ആംബുലന്‍സിലെ ഗൃഹനാഥന്‍ മരിച്ചു. പുല്‍പ്പള്ളിയില്‍ തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റതായിരുന്നു എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വീടിനു സമീപത്ത് ഉണങ്ങിനിന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടെയായിരുന്നു രാജന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജനെ കല്‍പ്പറ്റയിലെ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കല്‍പ്പറ്റയില്‍ നിന്നും കോഴിക്കോട്ടേക്ക് ഇദ്ദേഹത്തെ കൊണ്ടു പോകുന്നതിനിടയില്‍ ചുരത്തിലെ ഗതാഗത കുരുക്ക് കാരണം ആംബുലന്‍സ് കടന്നുപോകാന്‍ ഏറെ പ്രയാസം നേരിട്ടതായി ബന്ധുക്കള്‍ പറയുന്നു. ബി.ജെ.പി പ്രാദേശിക നേതാവായിരുന്ന രാജന്‍ പുല്‍പ്പള്ളി താഴെ അങ്ങാടിയില്‍ ഭക്ഷണശാല നടത്തിവരികയായിരുന്നു. ഭാര്യ: വസന്ത.