കോട്ടയം: കർശന പരിശോധന നടക്കുന്നുവെന്ന വാദം നിലനിൽക്കേയാണ് ഇന്നലെ ഭക്ഷ്യവിഷ ബാധയേറ്റ് കോട്ടയത്ത് യുവതിയുടെ മരണം. ഇത്തരത്തിൽ മരണങ്ങൾ സംഭവിക്കുന്ന സമയം മാത്രം ഉണർന്നു പ്രവർത്തിക്കുന്ന ഒരു വിഭാഗമായി നമ്മുടെ സർക്കാർ മാറുമ്പോൾ ജീവനുകൾ പൊലിയുകയാണ്. രണ്ടു മാസം മുൻപ് വ്യാപക പരാതി ഉണ്ടായതിനെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി പൂട്ടിയ ഹോട്ടലിൽ നിന്ന് ആണ് വീണ്ടും ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ നടന്ന ഭക്ഷ്യസുരക്ഷാ നടപടികൾ എല്ലാം തന്നെ പ്രഹസനമായി എന്നാണ് ഉയരുന്ന ആക്ഷേപം. പേരിനു മാത്രം ആണ് പലയിടങ്ങളിലും പരിശോധനകൾ നടന്നത്.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വീണ്ടും ഹോട്ടൽ തുറന്നു പ്രവർത്തിച്ചത് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നു. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെ ഹോട്ടലുകളിൽ കർശന പരിശോധന വേണമെന്നു നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യം ഉയർന്നെങ്കിലും ഒരിടത്തു പോലും പരിശോധന ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.കോട്ടയം സംക്രാന്തിയിലുള്ള പാർക്ക് ഹോട്ടലിൽ നിന്ന് 29ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ചത്. അൽഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെട്ടു. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.ഓൺലൈനായി പാർക്ക് ഹോട്ടലിൽ നിന്ന് 29ന് കുഴിമന്തി വരുത്തിക്കഴിച്ച തനിക്കും ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കും ഭക്ഷ്യവിഷബാധയേറ്റതായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അതിരമ്പുഴ സ്വദേശി ജിജു പറഞ്ഞു. ഛർദി, വയറിളക്കം, തലവേദന ഇവയായിരുന്നു ബാധിച്ചത്. തനിക്ക് വലിയ പ്രശ്നമുണ്ടായില്ലെങ്കിലും ഭാര്യയും മക്കളും സുഖം പ്രാപിച്ചു വരുന്നതേയുള്ളൂവെന്ന് ജിജു പറഞ്ഞു. ആർപ്പൂക്കര പുന്നക്കുഴി സ്വദേശികളായ നെബു ചെറിയാൻ, സുഹൃത്ത് ഷിജോ മോൻ എന്നിവരും ആശുപത്രിയിലാണ്. മൂന്നര വയസ്സുള്ള മകളെ പനി ചികിത്സയ്ക്കു ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു പോകും വഴിയാണ് ഈ ഹോട്ടലിൽ നിന്ന് അൽഫാം-കുഴിമന്തി കഴിച്ചത്. എന്നാൽ മകളും ഭാര്യയും കഴിച്ചില്ല.അതേസമയം ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിനും തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലും പരാതി നൽകാം. തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗത്തിനു പരാതി നൽകിയാൽ അവരും പരിശോധന നടത്തും. ഹോട്ടലുകൾ പരിശോധിക്കുന്ന അവസരത്തിൽ ഭക്ഷ്യ സാംപിളുകൾ ശേഖരിക്കും. എന്നാൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടാൽ ആശുപത്രി അധികൃതരും പൊലീസിലും ഭക്ഷ്യ സുരക്ഷാവകുപ്പിലും അറിയിക്കാറുണ്ട്. കുറ്റക്കാരെന്നു കണ്ടാൽ ലൈസൻസ് റദ്ദാക്കുന്നതിനു ശുപാർശ ചെയ്യുകയാണ് പതിവെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണർ സി.ആർ. രൺദീപ് പറഞ്ഞു