കൊച്ചി: നടി ലൈംഗീക പീഡന ആരോപണമുന്നയിച്ച ഏഴ് പേർക്കെതിരെയും കേസെടുത്തു. മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയൻ പിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി. എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെ ആണ് എഫ്ഐആ‍ര്‍ രജിസ്റ്റ‍ര്‍ ചെയ്തത്. മുകേഷിനും ജയസൂര്യയ്ക്കും ഇടവേള ബാബുവിനും എതിരെ ജാമ്യമില്ലാ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. മരട് സ്വദേശിനിയായ നടിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. ബലാത്സംഗ കേസാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ വിവിധ ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും ശക്തമാകുന്നു. മുകേഷ് കൊല്ലം ജില്ലയിലെ വീട്ടിൽ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.അമ്മയിൽ അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ് എടുത്തത്. ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 376 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഫോർട്ട്‌ കൊച്ചി പൊലീസാണ് കേസ് എടുത്തത്. ഐപിസി 356,376 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതേ നടിയുടെ പരാതിയില്‍ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. എക്സിക്യൂട്ടീവ് വിച്ചുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.സിനിമാ ലൊക്കേഷൻ കാണിക്കാനെന്ന വ്യാജേനെ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ലോയേഴ്സ് കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ ബലാത്സംഗ വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് എടുത്തത്. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നു ചന്ദ്രശേഖരൻ നടിയുടെ പരാതിക്ക് പിന്നാലെ ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് വേണ്ടിയടക്കം നിരവധി കേസുകളിൽ കോൺഗ്രസിനായി ചന്ദ്രശേഖരൻ കോടതിയിൽ ഹാജരായിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!