തിരുവനന്തപുരം: കേരളത്തിൽ ആണവനിലയം സ്ഥാപിക്കാൻ സാധ്യമായ സ്ഥലം കണ്ടെത്താനുള്ള പഠനം തുടങ്ങിയെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർസ്ഥാപനമായ ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (എൻ.ഐ.എ.എസ്.) ആണ് കേരളത്തിൽ ആണവനിലയം സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താൻ പഠനം നടത്തുന്നത്. ആണവനിലയം സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് നിലയത്തിന്റെ പ്രാഥമിക നടപടിക്രമങ്ങളുമായി കെ എസ് ഇ ബി മുന്നോട്ട് പോകുന്നത്.കെ.എസ്.ഇ.ബിയുടെ ആവശ്യപ്രകാരമാണ് നിലയം സ്ഥാപിക്കാൻ സാധ്യമായ സ്ഥലം കണ്ടെത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (എൻ.ഐ.എ.എസ്.) പഠനം തുടങ്ങിയത്. ആറുമാസത്തിനകം പഠനം പൂർത്തിയാക്കും. അതേസമയം, സ്ഥലം കണ്ടെത്തൽ നടപടികളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന നിലപാടിലാണ് വൈദ്യുതിമന്ത്രിയുടെ ഓഫീസ്.പരിസ്ഥിതിക്ക് ഹാനികരമായതിനാൽ ജലവൈദ്യുതപദ്ധതി നടപ്പാക്കാൻ കഴിയാതിരുന്ന അതിരപ്പിള്ളിയും മുൻപ് കൽക്കരിനിലയം സ്ഥാപിക്കാൻ പദ്ധതിയിട്ടെങ്കിലും ഉപേക്ഷിച്ച സാധ്യതയുള്ള സ്ഥലങ്ങളായി കെ.എസ്.ഇ.ബി. ചൂണ്ടിക്കാണിച്ചത്. ഒരുമാസം മുൻപാണ് പഠനത്തിനായി എൻ.ഐ.എ.എസിന് കത്തുനൽകിയത്.ആണവനിലയത്തിന് നയപരമായ തീരുമാനം സർക്കാർ സ്വീകരിക്കുന്നതിനുമുൻപ് പ്രാഥമിക നടപടികൾ പൂർത്തിയാക്കാനാണ് കെ.എസ്.ഇ.ബി.യുടെ ശ്രമം. എന്നാൽ, ഇത്തരം നീക്കങ്ങളൊന്നും ഇല്ലെന്നാണ് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞത്.ജലവൈദ്യുതപദ്ധതികളിലൂടെ കഴിഞ്ഞ പത്തുവർഷം കൂട്ടിച്ചേർക്കാനായത് വെറും 104 മെഗാവാട്ട്, വൈദ്യുതിലഭ്യത ഉറപ്പാക്കാൻ ആണവനിലയം കൂടിയേ തീരൂവെന്നുമാണ് കെഎസ്.ഇ.ബി.യുടെ വാദം. നേരത്തേ, ഭാഭാ ആറ്റമിക് റിസർച്ച് സെന്ററുമായി ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലും ന്യൂക്ലിയർ പവർ കോർപ്പറേഷനുമായി കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറും ചർച്ചചെയ്തിരുന്നു.