ബെംഗളൂരു : വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയത് തന്റെ കുടുംബ ജീവിതം താറുമാറാക്കിയതിലുള്ള പകയെ തുടർന്നെന്ന് പ്രതി. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ (48) കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ നാട്ടുകാരനായ രമേശ് എന്നയാൾ വിമാനത്താവളത്തിലെ ടെർമിനൽ 1-ന്റെ ശുചി മുറിക്ക് അടുത്ത് വച്ച് കയ്യിൽ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.കൊല്ലപ്പെട്ട രാമകൃഷ്ണയും തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് രമേശിന് കാലങ്ങളായി സംശയമുണ്ടായിരുന്നു. ഇതേ തുടർന്നുള്ള തർക്കങ്ങളുടെ പേരിൽ 2022 ൽ രമേശ് ഭാര്യയുമായുള്ള ബന്ധം വേർപെടുത്തുകയും ചെയ്തിരുന്നു. അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുമായി വേർപിരിഞ്ഞ രമേശ് മുൻപും പലതവണ രാമകൃഷ്ണയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ന്റെ ശുചി മുറിക്ക് അടുത്ത് വെച്ചാണ് രാമകൃഷ്‌ണയെ പ്രതിയായ രമേശ് ആക്രമിച്ചത്. രമേശ് കയ്യിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് രാമക്രഷ്ണയെ കുത്തുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവ സ്ഥലത്ത് തന്നെ രാമകൃഷ്ണ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.