കല്പറ്റ: വയനാട്ടിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റത് വെറും പതിനായിരം രൂപയ്ക്ക്. അതേസമയം, ഇടനിലക്കാർ കുഞ്ഞിനെ വാങ്ങിയ തിരുവനന്തപുരം സ്വ​ദേശികളായ ദമ്പതികളോട് ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. സംഭവത്തിൽ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ അമ്മ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിന്റെ അമ്മ, വല്യമ്മ, കുഞ്ഞിനെ സ്വീകരിച്ചെന്നു പറയപ്പെടുന്ന തിരുവനന്തപുരം സ്വദേശികളായ സുകു–മായ ദമ്പതികൾ, ഇടനിലക്കാരിയായി നിന്ന അത്തിമൂലയിലെ ആശാ വർക്കർ ഉഷ, എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയുടെ കുഞ്ഞിനെയാണ് വിറ്റത്. ഇവർ മാസങ്ങളായി മറ്റൊരാൾക്കൊപ്പമായിരുന്നു താമസം. ഇപ്പോൾ കൂടെത്താമസിക്കുന്നയാളുടെ ഉപദ്രവത്തിൽ നിന്നു രക്ഷ തേടിയാണു കുഞ്ഞിനെ ആശാ വർക്കർക്കു കൈമാറിയതെന്നാണ് യുവതി പറയുന്നത്. ആശാ വർക്കറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.ഇക്കഴിഞ്ഞ 11നാണു കുഞ്ഞിനെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്. 10,000 രൂപയ്ക്കു കുഞ്ഞിനെ വിറ്റതാണെന്നും ഇടനിലക്കാർക്കും അതേ സംഖ്യ കിട്ടിയതായും നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. കു‍ഞ്ഞിനെ വാങ്ങിയ ദമ്പതികളോട് ഇടനിലക്കാർ 5 ലക്ഷം രൂപ ആവശ്യപ്പെട്ടതായും 10,000 രൂപ കൈപ്പറ്റിയതായി വിവരം ലഭിച്ചതായി ജില്ലാ ശിശുസംരക്ഷണ ഓഫിസർ കാർത്തിക അന്ന തോമസ് പറഞ്ഞു. എന്നാൽ, ബാങ്ക് ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി നൽകിയതോടെ കുഞ്ഞിനെയും അമ്മയെയും പൊലീസ് തിരുവനന്തപുരത്തു നിന്നു കണ്ടെത്തി. പൊലീസ് അന്വേഷണത്തിന് എത്തുമ്പോൾ കുഞ്ഞ് അമ്മയ്ക്കൊപ്പമായിരുന്നു. എന്നാൽ, കുഞ്ഞിനെ വാങ്ങിയവർ പൊലീസ് എത്തുന്നതു മുൻകൂട്ടിയറിഞ്ഞ് കുഞ്ഞിനെ അമ്മയ്ക്കൊപ്പം എത്തിക്കുകയായിരുന്നെന്ന മറുവാദവുമുണ്ട്. കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. കു‍ഞ്ഞിനെ വിൽപന നടത്തിയതാണോ എന്നതിനെക്കുറിച്ച് അറിയാൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!