കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് അനിലയുടെ സഹോദരന്‍. യുവതിയുടെ മുഖം വികൃതമായ നിലയിലായിരുന്നുവെന്നും കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും സഹോദരന്‍ അനീഷ് പറഞ്ഞു.അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സുദര്‍ശന പ്രസാദും സുഹൃത്തുക്കളായിരുന്നു. ഇവരുടെ അടുപ്പത്തെച്ചൊല്ലി മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് സ്റ്റോപ്പ് ചെയ്തതായിരുന്നു. ഇയാളെക്കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സഹോദരന്‍ പറഞ്ഞു.ഇന്നലെ രാവിലെ മുതലാണ് അനിലയെ കാണാതായത്. ഇന്നലെ ഇട്ടിരുന്ന വസ്ത്രങ്ങള്‍ അല്ല മൃതദേഹത്തില്‍ ഉള്ളത്. രാവിലെയാണ് മരിച്ചതായ വിവരം അറിയുന്നത് എന്നും സഹോദരന്‍ അനീഷ് പറഞ്ഞു. അനിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.അതേസമയം പയ്യന്നൂരിലെ മരണത്തില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പയ്യന്നൂര്‍ ഡിവൈഎസ്പി പ്രമോദ് അറിയിച്ചു. അനിലയെ സുദര്‍ശന്‍ ബൈക്കിലാണ് വീട്ടിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലേ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു.മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാനില്ലെന്ന് പരാതി നല്‍കിയതിന്‍റെ പിറ്റേ ദിവസമാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂർ പോയതിനാൽ വീടു നോക്കാൻ ഏൽപ്പിച്ചിരുന്ന മാതമംഗലം സ്വദേശി സുദർശൻ പ്രസാദ് എന്നയാളെ 22 കിലോമീറ്റർ അകലെ പുരയിടത്തിലെ കശുമാവില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!