റിയാദ്: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി പണം സ്വരൂപിക്കാൻ റിയാദിലെ മലയാളി സമൂഹം ബിരിയാണി ചലഞ്ച് നടത്തുന്നു. കഴിഞ്ഞ 18 വർഷമായി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിക്കാനായി പെരുന്നാൾ ദിനത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ അബ്ദുൽ റഹീമിന് വധശിക്ഷയിൽ നിന്ന് രക്ഷ നേടാം.അബ്ദുൽ റഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തിലാണ് പെരുന്നാൾ ദിനത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. ഈ ജീവകാരുണ്യപ്രവർത്തനത്തിൽ മുഴുവൻ മലയാളി സമൂഹത്തേയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ റിയാദ് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലേയും മുഴുവൻ ഭാഗങ്ങളിലുമുള്ള മലയാളികളെ പ്രവർത്തകർ സമീപിക്കും. 25 റിയാലാണ് ഒരു ബിരിയാണിയുടെ നിരക്ക്. ഒരാൾ മിനിമം അഞ്ച് ബിരിയാണി ഓർഡർ ചെയ്യണം. മോചനശ്രമത്തിന് റിയാദിലെ മുഴുവൻ പ്രവാസി മലയാളി സംഘടനകളും സാമൂഹികപ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്.മോചനദ്രവ്യമായി ആകെ വേണ്ടത് 34 കോടി രൂപയാണ് (1.5 കോടി റിയാൽ). പണം കെട്ടിവെച്ച് മോചനത്തിന് അനുവദിച്ചിരിക്കുന്ന കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഒരു ജീവകാരുണ്യപ്രവർത്തനമായി കണ്ട് ബിരിയാണി ചലഞ്ചുമായി എല്ലാവരും സഹകരിക്കണമെന്ന് നിയമസഹായ സമിതി ഭാരവാഹികൾ അഭ്യർഥിച്ചു.