തിരുവനന്തപുരം: മാർച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ അവസാനിച്ചു. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക. 70 ക്യാംപുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കും. മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുംറഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 118 പേരും പരീക്ഷയെഴുതി. മലയാളം മീഡിയത്തിൽ 1,67,772 വിദ്യാർഥികളും ഇംഗ്ലീഷ് മീഡിയത്തിൽ 2,56,135 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഗൾഫ് മേഖലയിൽ 536 വിദ്യാർഥികളും ലക്ഷദ്വീപിൽ 285 വിദ്യാർഥികളും പരീക്ഷയെഴുതി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്. 2085 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്.ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് മൂവാറ്റുപുഴ എൻഎസ്എസ്എച്ച്എസ്, തിരുവല്ല ഗവൺമെന്റ് എച്ച്എസ് കുട്ടൂർ, ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്എസ്, എടനാട് എൻഎസ്എസ് എച്ച്എസ് എന്നീ സ്‌കൂളുകളിലാണ്. ഇവിടെ ഓരോ വിദ്യാർഥി വീതമാണ് പരീക്ഷ എഴുതിയത്.ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. 77 ക്യാംപുകളിലായി ഇരുപത്തി അയായിരത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാംപുകളും ഏപ്രിൽ 3ന് ആരംഭിക്കും. 8 ക്യാംപുകളിലായി 2200 അധ്യാപകർ പങ്കെടുക്കും. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണയ ക്യാംപുകളുടെ പ്രവർത്തനം. മാർച്ച് 31 ഈസ്റ്റർ ദിനത്തിൽ മൂല്യനിർണയ ക്യാംപുകൾ ഉണ്ടാകില്ല.