തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നത് പാമ്പുകളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോർട്ട്. സാധാരണയായി ഫെബ്രുവരി അവസാന വാരത്തോടെയാണ് കേരളത്തിൽ പാമ്പിൻമുട്ടകൾ വിരിഞ്ഞിരുന്നത്. എന്നാൽ, അന്തരീക്ഷതാപനില നാലു സെൽഷ്യസുവരെ ഉയർന്നതോടെ മുട്ടകൾ വിരിയുന്നതിനുള്ള സാഹചര്യം ഇല്ലാതാകുകയായിരുന്നു. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് പാമ്പിൻ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.28 ഡിഗ്രി സെൽഷ്യസാണ് പാമ്പിൻ മുട്ടകൾക്ക് അനുയോജ്യം. മണ്ണിന് ചൂട് കൂടുമ്പോൾ മുട്ട കേടാകാനുള്ള സാധ്യത വർധിക്കും. 10 ശതമാനത്തിൽ താഴെ മുട്ടകൾ മാത്രമാണ് വിരിയുന്നത്. കാലാവസ്ഥയിലെ മാറ്റം പാമ്പുകളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധർ നൽകുന്ന സൂചന. സാധാരണ നവംബറിലാണ് പാമ്പുകൾ ഇണചേരാറുള്ളത്. എന്നാൽ ഇത്തവണ അതിലും മാറ്റം വന്നിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. വേനൽമഴയിലെ മാറ്റമാണ് ഇതിന് കാരണം.മുട്ടവിരിയുന്ന സമയത്ത് പാമ്പുകൾ പുതിയ ആവാസ വ്യവസ്ഥ തേടി പുറത്തിറങ്ങുന്നതിനാൽ, സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നതിൽ വർധനയുണ്ടാകുന്നതും വേനൽക്കാലത്താണ്. ഈവർഷം പാമ്പുകടിയേറ്റുള്ള മരണത്തിലും കാര്യമായ കുറവുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 2023-24 ൽ ഇതുവരെ 34 ജീവനുകളാണ് നഷ്ടമായത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 2021-23 ൽ (65), 202122 (52), 202021(71), എന്നിങ്ങനെയായിരുന്നു മുൻവർഷങ്ങളിലെ മരണങ്ങൾ.പാമ്പ് കടിയേറ്റുള്ള മരണം പൂർണ്ണമായും ഇല്ലാതാക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. പാമ്പുകളുടെ ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള അവബോധ പ്രചരണം ഫലം കാണുന്നുണ്ടെന്ന സൂചനയാണ് മരണനിരക്കിലെ കുറവെന്ന് വനംവകുപ്പ് അവകാശപ്പെടുന്നു. ജനവാസ മേഖലയിൽ കാണുന്ന പാമ്പുകളെ സുരക്ഷിതമായി മാറ്റുന്നതിന് 2400 പേർക്ക് വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ട്. 2021 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത പദ്ധതിയിലൂടെ 36,061 പാമ്പുകളെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ‘സർപ്പ’ നോഡൽ ഓഫീസർ വൈ. മുഹമ്മദ് അൻവർ പറഞ്ഞു. കുടുംബശ്രീ പ്രവർത്തകർക്ക് കൂടി പാമ്പ് പിടിത്തത്തിൽ പരിശീലനം നൽകിയാൽ സംസ്ഥാനത്തെ പാമ്പുകടിയേറ്റുള്ള മരണം പൂർണ്ണമായി ഇല്ലാതാക്കാൻ കഴിയുമെന്നാണ് നിഗമനം. കൃത്യസമയത്ത് ചികിത്സിക്കാൻ വിമുഖത കാട്ടുന്നതാണ് മരണത്തിന് ഇടയാക്കുന്നത്. അതേസമയം പാമ്പ് കടിയേറ്റുള്ള മരണം പൂർണ്ണമായി കണക്കിൽപെടുത്തുന്നില്ലെന്ന് ആക്ഷേപവുമുണ്ട്.