നാദാപുരം: നാദാപുരത്ത് കാസർകോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. കാസർകോട് ചെറുവത്തൂർ വലിയപൊയിൽ പാലേരി വീട്ടിൽ ശ്രീജിത്ത് (38) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന രണ്ടാമത്തെ ആളെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തെത്തുടർന്ന് മുങ്ങിയ ഇയാൾ വലയിലാകുന്നതോടെ മാത്രമേ നിജഃസ്ഥിതി അറിയാൻ സാധിക്കുകയുള്ളൂവെന്ന് ഡിവൈ.എസ്.പി. വി.വി. ലിതീഷ് പറഞ്ഞു.ശനിയാഴ്ച രാത്രി ഒമ്പതേകാലിനാണ് നരിക്കാട്ടേരി കനാൽ പാലത്തിന് സമീപം ശ്രീജിത്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടനിലയിൽ കണ്ടെത്തിയത്. വൈദ്യുതത്തൂണിൽ ഇടിച്ചുനിന്നനിലയിലായിരുന്നു കാർ. ഡ്രൈവറുടെ സീറ്റിന്റെ ഭാഗത്തെ ടയർ പൊട്ടിയനിലയിലായിരുന്നു. അപകടം നടന്നയുടനെ ഒരാൾ ഓടിപ്പോയെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. ജില്ലയ്ക്ക് പുറത്ത് സംശയമുള്ള മൂന്നുപേരുടെ വിവരങ്ങൾ പോലീസിന്റെ െെകവശമുണ്ട്. ഇവരിൽ കേളകം സ്വദേശിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. മരിച്ച യുവാവിന്റെ വയറ്റിൽ മദ്യത്തിന്റെ അംശമുണ്ടെന്നും വാരിയെല്ലിന് കാര്യമായ ക്ഷതം ഏറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്.യുവാവിന്റെ ശരീരത്തിന് മുകളിൽ വണ്ടി കയറിയെന്ന കാര്യം സ്ഥിരീകരിച്ചിട്ടിെല്ലന്നും ഇടിച്ചതിന്റെ ഫലമാണോ വാരിയെല്ലിന് പരിക്കേറ്റതെന്ന സംശയമുണ്ടെന്നും പോലീസ് പറഞ്ഞു. പ്രദേശത്തിനടുത്തുള്ള യുവതിയുമായി മരിച്ച യുവാവിന് ഇൻസ്റ്റഗ്രാം മുഖേന ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.ഒരു മാസംമുമ്പാണ് ഇൻസ്റ്റഗ്രാം വഴി യുവതി ഇയാളുമായി സൗഹൃദം തുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, യുവതിയുമായി ഇൻസ്റ്റഗ്രാമിലൂടെ ബന്ധമുള്ളത് മരിച്ച യുവാവിനാണോ, മുങ്ങിയ ആൾക്കാണോ എന്ന കാര്യത്തിൽ പോലീസിന് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. മുങ്ങിയ ആളെ കണ്ടെത്തിയാൽ മാത്രമേ വ്യക്തമായ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നും ഊഹാപോഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. നാദാപുരം ഇൻസ്‌പെക്ടർ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!