ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് അഭിപ്രായ സർവ്വേ ഫലം. എപിബി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവ്വേയിലാണ് 2019ലെ പൊതുതെരഞ്ഞെടുപ്പിനെക്കാൾ മികച്ച വിജയം യുഡിഎഫ് നേടുമെന്ന് പ്രവചിക്കുന്നത്. എൽഡിഎഫിന് ആകെയുണ്ടായിരുന്ന ആലപ്പുഴയും നഷ്ടമാകുമെന്നും യുഡിഎഫ് 20 സീറ്റുകളും വിജയിക്കുമെന്നുമാണ് സർവേ പറയുന്നത്. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ മത്സരിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് പ്രവചനം.കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ൽ 20 സീറ്റുകളിലും ജയിക്കും. 31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് വിഹിതം നേടുന്ന ബിജെപി മുന്നണിക്കോ ഒരു സീറ്റിലും ജയിക്കാനാവില്ലെന്നും സർവ്വേ പറയുന്നു. മറ്റുപാർട്ടികൾ 4.3 ശതമാനം വോട്ടുകൾ പിടിക്കുമെന്നും പറയുന്നു.തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും സർവ്വേയിലുണ്ട്. അവിടെയും ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാനാകില്ലെന്നാണ് പ്രവചനം. അതേ സമയം ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി തൂത്തുവാരുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.