ഇടുക്കി: ഇടുക്കിയിൽ നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. അമ്പതേക്കർ സ്വദേശി തുളസിയാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് വീടിന്റെ മുൻവശത്ത് കൊച്ചുമകൾക്കൊപ്പം ഇരിക്കുകയായിരുന്നു തുളസി. ആട്ടിൻ കൂടിനുള്ളില്‍ നിന്ന് ആടുകളുടെ ബഹളം കേട്ട് എന്താണെന്ന് നോക്കാൻ പോയതായിരുന്നു തുളസി. ഇവിടെ സമീപത്തുണ്ടായിരുന്ന പെരുന്തേനീച്ച കൂട് ഇളകിയതായിരുന്നു. ഇതോടെ തുളസിക്ക് നേരെയും തേനീച്ച ആക്രമണമുണ്ടായി.കൊച്ചുമക്കൾക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഉടനെതന്നെ എത്തിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.