കോഴിക്കോട്: കോഴിക്കോട് കർഷകന്റെ വീട്ടിലെ നായയെ പുലി കടിച്ച് കൊന്നെന്ന് പരാതി. കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിലുള്ള കർഷകന്റെ വളർത്തു നായയെ ആണ് കൊന്നു തിന്നത്. എക്കല്‍ മല പൃക്കന്‍തോട്ടിലെ കോഞ്ഞാട്ട് സന്തോഷിന്റെ വീട്ടിലെ നായയെ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. വീടിന് പുറകിലാണ് നായയെ കെട്ടിയിരുന്നത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു ആക്രമണം. രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോൾ നായയെ കൊന്ന് ഭൂരിഭാഗവും തിന്ന നിലയിൽ കണ്ടു.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ എക്കലില്‍ നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. തുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണ കാമറ ഘടിപ്പിച്ചു. എന്നാല്‍ കാമറയില്‍ ഇതുവരെ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. നായയെ പുലി കൊന്ന വാര്‍ത്ത കൂടി പരന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം പൂഴിത്തോട് ഭാഗത്ത് കണ്ട പുലി തന്നെയാണ് കടന്തറ പുഴയ്ക്ക് അക്കരെയുള്ള മരുതോങ്കര പഞ്ചായത്തിലെ എക്കല്‍, പൃക്കന്‍തോട് ഭാഗത്ത് എത്തിയത് എന്നാണ് വനപാലകരുടെ നിഗമനം. വനംവകുപ്പ് അധികൃതര്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തും വനംവകുപ്പും പൊലീസ് അധികൃതരും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!