മക്കളോടുള്ള വാത്സല്യം കാണിക്കാൻ വാങ്ങിക്കൊടുക്കേണ്ടത് മാരക രോഗമല്ല; കുട്ടികൾക്ക് പഞ്ഞിമിഠായി വാങ്ങി നൽകുന്നവർ ഇക്കാര്യം മറക്കരുത്…കേരളത്തിലെ ഉത്സവ സീസൺ ആരംഭിച്ച് കഴിഞ്ഞു. അവധിക്കാലം തുടങ്ങാനും ഇനി അധികനാളില്ല. കൊടും വേനലിൽ നിന്നും ആശ്വാസം തേടി എത്തുന്നവരെ കൊണ്ട് സംസ്ഥാനത്തെ ബീച്ചുകളും സജീവമാണ്. ഇവിടെയെല്ലാം പഞ്ഞിമിഠായി (Cotton Candy) വിൽപ്പനയും സജീവമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് പഞ്ഞിമിഠായി. എന്നാൽ, ഇതിനെ സംബന്ധിച്ച് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണ്. കാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം ഈ പഞ്ഞിമിഠായിയിൽ ഉണ്ടെന്നാണ് കണ്ടെത്തൽ.പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുവായ റോഡമിൻ-ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇതിന്റെ നിർമാണവും വിൽപ്പനയും തമിഴ്‌നാടും നിരോധിച്ചു. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്പിളുകൾ ചെന്നൈക്ക് സമീപം ഗിണ്ടിയിലെ സർക്കാർ ലബോറട്ടറിയിൽ പരിശോധിച്ചിരുന്നു. പരിശോധനയിൽ തുണികൾക്ക് നിറം നൽകാനായി ഉപയോഗിക്കുന്ന കെമിക്കൽ ഡൈയായ റോഡമിൻ-ബിയുടെ സാന്നിധ്യം പഞ്ഞിമിഠായിയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡമിൻ-ബി മനുഷ്യർക്ക് ഹാനികരമാണ്.‘ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡമിൻ-ബി അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണം, പാക്കിങ്, ഇറക്കുമതി, വിൽപ്പന, വിതരണം എന്നിവയെല്ലാം കുറ്റകരമാണ്.’ -തമിഴ്‌നാട് ആരോഗ്യമന്ത്രിയുടെ സുബ്രഹ്‌മണ്യൻ പ്രസ്താവനയിൽ പറയുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.