നരിക്കുനിയിൽ ഒക്ടോബർ 21 മുതൽ ആരംഭിച്ച ബീവറേജ് കോർപ്പറേഷൻ മദ്യ ഷോപ്പ് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥലത്തായത് മൂലം വലിയ പ്രയാസങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിൽ നാട്ടുകാരും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സമീപത്ത് താമസിക്കുന്ന ഭിന്നശേഷിക്കാരും ചേർന്ന് നൽകിയ പൊതു താൽപര്യ ഹരജിയിൽ സമീപത്തെ വിദ്യാഭ്യാസ സ്ഥാപന ഉടമകളോടും പ്രദേശവാസികളോടും സംസാരിച്ച് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഒരു മാസത്തിനകം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേരളാ ഹൈക്കോടതി ഉത്തരവ്. ജനങ്ങൾ തിങ്ങി താമസിക്കുന്നതും ഐടിഐയും 10 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അക്ഷയ സെന്ററും തുടങ്ങി നിരവധി സ്ഥാപനങ്ങളും സമീപത്ത് 9 ഭിന്നശേഷിക്കാരും ധാരാളം വയോധികരും താമസിക്കുന്ന വീതി കുറഞ്ഞ റോഡിനോട് ചേർന്നുമാണ് ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്നതെന്ന് നാട്ടു കാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു.മദ്യ ഷോപ്പിന് സമീപം അനിശ്ചിതകാല സമരവും നാട്ടുകാരുടെ നിരന്തര ജാഗ്രതയും ഉണ്ടായിരുന്നിട്ടും സമീപത്തെ വീട്ടിലെ സ്ത്രീയെ മദ്യപാനികൾ ഉപദ്രവിക്കുന്ന സ്ഥിതി വരെ ഉണ്ടായി.പരസ്യമായി മദ്യപിക്കുകയും മദ്യപിച്ച് പരിസരങ്ങളിലെ ഫുട്പാത്തുകളിൽ കിടക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയായി. കാറുകളും ഓട്ടോറിക്ഷകളും റോഡരികിൽ പാർക്ക് ചെയ്യുന്നതുമൂലം ഗതാഗത തടസ്സവും പതിവായിരുന്നു.ഇതിനെതിരെ ഗ്രാമപഞ്ചായത്തും ഗ്രാമസഭകളും റസിഡൻസ് അസോസിയേഷനുകളും എല്ലാം നടപടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ കോടതിയെ സമീപിച്ചത്.ഔട്ട്ലെറ്റിനെതിരെ നാട്ടുകാർ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നുമാസം പൂർത്തിയായപ്പോഴാണ് കോടതിവിധി ഉണ്ടായത്