പാമ്പാടി: പാമ്പാടിയിൽ ഒരു വയസുള്ള കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കൽ ജോസിലി ഡെയ്ൽ വീട്ടിൽ തനുനസീറാണ് (36) പാമ്പാടി പോലീസിന്റെ പിടിയിലായത്. വീട്ടില്‍വച്ചാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.കുടുംബപ്രശ്നത്തെ തുടർന്ന് കഴിഞ്ഞദിവസം ഇയാള്‍ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ഈ സമയം ഉറങ്ങുകയായിരുന്ന ഒരു വയസ്സുള്ള ഇളയ കുട്ടി ഇവരുടെ നിലവിളി കേട്ട് ഉറക്കമുണർന്ന് നിലവിളിച്ചു. തുടർന്നാണ് ഇയാൾ കുട്ടിയെ എടുത്തു പൊക്കി തറയിൽ എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിച്ചത്. എന്നാൽ, ഇത് കുട്ടിയുടെ മാതാവ് തടയുകയായിരുന്നു.ഭാര്യാഭർത്താക്കൻമാർക്കിടയിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഒ. സുവർണ്ണകുമാർ, എസ്.ഐമാരായ ശ്രീരംഗൻ, കോളിൻസ് എം.ബി, സുദൻ, സി.പി.ഓമാരായ സുമിഷ് മാക്മില്ലൻ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.