തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടു കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന യുവതിക്ക് മൂന്നാമത്തെ കേസിലും കഠിന തടവും പിഴയും. വീണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യ (31)യെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ഒൻപതര വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇതുകൂടിയായപ്പോൾ മൂന്നു പോക്സോ കേസുകളിലാണ് യുവതി ശിക്ഷിക്കപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു കേസിലും കാട്ടാക്കട പോക്‌സോ കോടതി സന്ധ്യയെ ശിക്ഷിച്ചിരുന്നു. ആലപ്പുഴ ജില്ലാ കോടതിയും മറ്റൊരു കേസിൽ സന്ധ്യയെ ശിക്ഷിച്ചിരുന്നു. ഈ കേസുകളിലും സന്ധ്യ ശിക്ഷ അനുഭവിച്ചു വരുകയാണ്.പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ ഏഴുമാസം അധിക കഠിന തടവു കൂടി അനുഭവിക്കണം എന്ന് കോടതി വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി.ആർ പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 22 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകളും, ഒരു തൊണ്ടി മുതലും ഹാജരാക്കുകയും ചെയ്തു. അന്നത്തെ കാട്ടാക്കട സബ് ഇൻസ്‌പെക്ടർ ഡി.ബിജു കുമാർ, ഡിവൈ.എസ് പി.കെ അനിൽകുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.2016ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്‌കൂൾ അവധി സമയത്ത് ബന്ധു വീട്ടിലെത്തിയ പെൺകുട്ടിയെയാണ് സന്ധ്യ ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടിലെത്തി പെൺകുട്ടിയെ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് കുളിക്കുന്ന സമയത്ത് പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ എടുക്കുകയും കഴുത്തിൽ കിടന്ന സ്വർണ്ണമാല നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മാല വാങ്ങുകയും ചെയ്തു. മറ്റൊരു ദിവസം സ്‌കൂളിന്റെ മുന്നിൽ നിന്ന് സുഹൃത്തിനൊപ്പം ചേർന്ന് പെൺകുട്ടിയെ സ്‌കൂട്ടറിൽ കയറ്റി അരുവിക്കുഴിയിലെ വീട്ടിലെത്തിച്ചു. ശേഷം മദ്യം കുടിപ്പിക്കാൻ ശ്രമിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻ കേസ്. കേസിലെ രണ്ടാം പ്രതി വിചാരണ സമയത്ത് മരണപ്പെട്ടിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!