ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിൽ വൻകുടൽ കാൻസർ ബാധ വർധിക്കുന്നെന്ന് റിപ്പോർട്ട്. ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുമ്പ് 50 വയസ്സുകാരിലാണ് വൻകുടൽ കാൻസർ സാധ്യത കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇപ്പോൾ 31- 40 വയസുള്ളവരിലാണ് ഇത് വൻതോതിൽ റിപ്പോർട്ട് ചെയ്യുന്നതെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തെറ്റായ ഭക്ഷണക്രമം,പുകയില ഉപയോഗം, അമിത ലഹരി തുടങ്ങിയവയാണ് ചെറുപ്പാക്കാരിൽ വൻകുടൽ കാൻസർ സാധ്യത ഉയർത്തുന്നതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് വൻകുടൽ കാൻസറാണ് ലോകത്തിൽ തന്നെ കാൻസർ കേസുകളിൽ മൂന്നാം സ്ഥാനത്തും, കാൻസർ മരണങ്ങളിൽ രണ്ടാം സ്ഥാനത്തുമുള്ളത്. ഇന്ത്യക്കാരിൽ സാധാരണയായി കാണപ്പെടുന്ന കാൻസറുകളിൽ വൻകുടൽ കാൻസർ നാലാമതാണെന്ന് 2020 ലെ ആഗോള കാൻസർ നിരീക്ഷണ റിപ്പോർട്ടിൽ പറയുന്നു.മലാശയ അർബുദം എന്നും അറിയപ്പെടുന്ന ഈ അസുഖം വൻകുടലിലെ അഥവാ മലാശയത്തിലെ കോശങ്ങളിൽ സംഭവിക്കുന്ന ജനിതക മാറ്റം മൂലമാണുണ്ടാകുന്നത്. ചിലരിൽ കാൻസർ സാധ്യതയില്ലാത്ത ചെറിയ തടിപ്പുകളായണിവ വളർന്നു തുടങ്ങുക. പിന്നീട് അവ വൻകുടൽ കാൻസറായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ, എല്ലാ തടിപ്പുകളും കാൻസറുകളായി മാറാറില്ലെന്നും പഠനം പറയുന്നു.വൻകുടൽ കാൻസറിൻറെ ലക്ഷണങ്ങൾനിർത്താതെയുള്ള ഛർദി , മലബന്ധം, മലാശയത്തിൽ കാണപ്പെടുന്ന രക്തസ്രാവം, വിശപ്പില്ലായ്മ, ശരീര ഭാരം കുറയുക, ക്ഷീണം തുടങ്ങിവയാണ് വൻകുടൽ കാൻസറിൻറെ ലക്ഷണങ്ങൾ. വ്യക്തികൾക്കനുസരിച്ച് ലക്ഷണങ്ങളിലും മാറ്റം വന്നേക്കാം. ചിലരിൽ തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാതിരിക്കാറുമുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് വർധിപ്പിക്കുകയും വ്യായാമം ചെയ്യുകയും, ലഹരി ഉപയോഗം കുറക്കുകയും, പുകവലി നിർത്തുകയും ചെയ്യുന്നതിലൂടെ ക്യാൻസറിനെ പ്രതിരോധിക്കാനാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.