കൊച്ചി: സംസ്ഥാനത്ത് വീട്ടമ്മമാരെ ലക്ഷ്യമിട്ട് വായ്പാ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. പത്ത് മുതൽ പതിനഞ്ച് വരെയുള്ള വനിതകളുടെ ഗ്രൂപ്പുകൾക്ക് അരലക്ഷം രൂപവരെ വായ്പയായി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പണം തട്ടിയെടുക്കുന്നത്. പറവൂരിലുള്ള ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തി അഞ്ച് വീട്ടമ്മമാരിൽ നിന്നും രണ്ടായിരം രൂപവീതം തട്ടിയെടുത്തെന്ന പരാതി മുനമ്പം പൊലീസിന് മുന്നിൽ എത്തിയതോടെയാണ് സംസ്ഥാനത്ത് വീട്ടമ്മമാരെ ലക്ഷ്യമിടുന്ന വായ്പാ തട്ടിപ്പ് സംഘങ്ങളെ കുറിച്ച് വിവരങ്ങൾ പുറത്തുവന്നത്.കാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരെന്ന് പറഞ്ഞാണ് രണ്ടുപേർ വീട്ടമ്മമാരെ സമീപിച്ചത്. ഓരോരുത്തർക്കും 40,000 രൂപ വീതം വായ്പ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ആധാർകാർഡ്, ചെക്ക് ലീഫ്, മുദ്രപ്പത്രം തുടങ്ങിയ രേഖകളും വാങ്ങി. തുടർന്ന് ഓരോരുത്തരും 2000 രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പണവും നൽകി. വായ്പത്തുക ബാങ്ക് അക്കൗണ്ടിൽ വരുമെന്ന് ജീവനക്കാർ പറഞ്ഞതനുസരിച്ച് കാത്തിരുന്നിട്ടും പണം ലഭിക്കാതായപ്പോൾ വീട്ടമ്മമാർ അന്വേഷിച്ചു. അപേക്ഷകരിൽ ഒരാൾ വാടകയ്ക്ക് താമസിക്കുന്നതിനാൽ വായ്പ നൽകാൻ സാദ്ധ്യമല്ലെന്നായി. തുടർന്ന് എല്ലാവരും വീണ്ടും പഴയതുപോലെ രണ്ടാമത് അപേക്ഷിക്കണമെന്നായി കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലായപ്പോഴാണ് ഇവർ പരാതിയുമായി പൊലീസിൽ എത്തിയത്അഞ്ചോ പത്തോ വനിതകളുടെ ഗ്രൂപ്പുണ്ടാക്കി ഗ്രൂപ്പിലുള്ള എല്ലാവർക്കും അരലക്ഷം രൂപവീതം വായ്പ നൽകാമെന്ന വാഗ്ദാനവുമായി എത്തുന്നവരുമുണ്ട്. ഈട് വേണ്ടതില്ല, പരസ്പരജാമ്യം മതി, ഗഡുക്കളായി തിരിച്ചടച്ചാൽ മതി തുടങ്ങിയവയാണ് വാഗ്ദാനങ്ങൾ. ഒരാൾ തിരിച്ചടവിൽ മുടക്കം വരുത്തിയാൽ മറ്റുള്ളവരിൽനിന്ന് ഈടാക്കുമെന്നും വ്യവസ്ഥയുണ്ട്.ഇതെല്ലാം ഉൾപ്പെടെ സമ്മതപത്രങ്ങളിൽ ഒപ്പുവച്ചശേഷം ലോൺ ലഭിക്കണമെങ്കിൽ കുറച്ചുപണം മുൻകൂർ അടക്കണമെന്ന് ആവശ്യപ്പെടും. ഇത് 500 മുതൽ 2000 രൂപ വരെ ആകാം. വീട്ടമ്മമാർ പണമടച്ച് ലോണിനായി കാത്തിരുന്ന് പലകുറി ആവശ്യപ്പെട്ടാലും താത്കാലിക ആശ്വാസനടപടികൾ പറഞ്ഞ് പ്രശ്‌നം നീട്ടിക്കൊണ്ടുപോകും. ഒടുവിൽ തട്ടിപ്പാണെന്ന് മനസിലാക്കുമ്പോൾ നിരാശരായി പിന്തിരിയും.ഇങ്ങനെ തട്ടിപ്പ് നടത്തിയ ഒരാളെ കഴിഞ്ഞദിവസം കുറെ വീട്ടമ്മമാർ ചേർന്ന് തെക്കൻമാലിപ്പുറത്ത് വച്ച് പിടികൂടി ഞാറക്കൽ പൊലീസിൽ ഏൽപ്പിച്ചു. ഇതു കൂടാതെ പള്ളിപ്പുറത്ത് 2000 രൂപ വീതം വാങ്ങിയശേഷം വായ്പ നൽകാതെ വഞ്ചിച്ച സംഘത്തിനെതിരെ മുനമ്പം പൊലീസ് സ്റ്റേഷനിലും പരാതി ലഭിച്ചിട്ടുണ്ട്.