മലപ്പുറം: വിദ്യാർത്ഥികൾക്ക് ഉച്ചകഞ്ഞിക്കായി സർക്കാർ നൽകിയ അരി ഇരുളിന്റെ മറവിൽ കടത്തുന്നത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മലപ്പുറത്ത് മൊറയൂർ വിഎച്ച്എം ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ കയറ്റി കടത്തുകയായിരുന്നു. അരിക്കടത്തിന് പിന്നിൽ സ്‌കൂളിലെ അധ്യാപകൻ തന്നെയന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തംഗം ഹുസൈൻ ബാബു പരാതി നൽകി.നേരത്തെ ഈ സംഭവം പ്രധാനധ്യാപകരടക്കമുളള സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും വീണ്ടും അരിക്കടത്ത് നടത്തി. അധികൃതർ ഇതിന് കൂട്ടുനിൽക്കുകയാണ്. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുളള മുട്ടയും പാലും സ്കൂളിൽ വിതരണം ചെയ്യുന്നില്ല. അതും കടത്തിക്കൊണ്ടു പോവുകയാണെന്ന് പരാതിക്കാരനായ ഹുസൈൻ ബാബു ആരോപിച്ചു. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്ന് പരാതിക്കാരൻ റിപ്പോർട്ടറിനോട് പറഞ്ഞു.അതേസമയം സ്കൂൾ അധികൃതർ ആരോപണം നിഷേധിച്ചു. ആരോപണം വാസ്തവ വിരുദ്ധമാണ്. പ്രചരിച്ച ദൃശ്യങ്ങളെ കുറിച്ച് അറിയില്ല. കണക്കുകൾ കൃത്യമെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്ന് പിടിഎ പ്രസിഡന്റ് സി കെ മുഹമ്മദ് പറഞ്ഞു. പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും പിടിഎ പ്രസിഡന്റ് അറിയിച്ചു.