കൊല്ലങ്കോട്: ചെളി കളയാനെന്ന വ്യാജേന വീട്ടമ്മയുടെ സ്വർണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. ബിഹാർ സ്വദേശിയായ രവികുമാർ ഷായാണ് അറസ്റ്റിലായത്. സ്വർണമാല ചെളി കളയാനെന്ന വ്യാജേന വാങ്ങി രാസവസ്തുവിൽ മുക്കി തട്ടിപ്പുനടത്തുകയായിരുന്നു. തട്ടിപ്പിന് പിന്നാലെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പ്രതി പിടിയിലായത്.ഓട്ടുപാത്രങ്ങൾ സൗജന്യമായി തിളക്കമുള്ളതാക്കി തരാമെന്ന് പറഞ്ഞ് രണ്ടംഗസംഘം കൊല്ലങ്കോട് സ്വദേശി 84-കാരി പൊന്നുവിന്റെ വീട്ടിലെത്തുകയായിരുന്നു. വയോധിക നൽകിയ വിളക്കുകൾ ഉടൻ തന്നെ നിറമുള്ളതാക്കി മാറ്റി. തുടർന്ന് കഴുത്തിൽ കിടന്നിരുന്ന രണ്ടേകാൽ പവൻ വരുന്ന മാല നിറം വെയ്പ്പിക്കാമെന്ന് പറഞ്ഞ് ഊരി വാങ്ങുകയായിരുന്നു.രാസലായനിയിൽ മാല കുറച്ച് നേരം മുക്കിയശേഷം പുറത്തെടുക്കുകയും കടലാസിൽ പൊതിഞ്ഞ് 15 മിനിറ്റിന് ശേഷം തുറന്നുനോക്കിയാൽ മതിയെന്നും രവികുമാർ പറഞ്ഞു. വീടിനകത്തുണ്ടായിരുന്ന പൊന്നുവിന്റെ മകൻ പുറത്തുവരുന്നതിന് മുൻപേ ഉരുക്കി മാറ്റിയ സ്വർണവുമായി കടന്നുകളയുകയായിരുന്നു. ഇയാളുടെ സഹായിയാണ് സ്വർണവുമായി രക്ഷപ്പെട്ടത്.സംശയം തോന്നി കടലാസ് പൊതി തുറന്ന് നോക്കിയപ്പോഴാണ് തട്ടിപ്പിനിരയായതായി വ്യക്തമായത്. ഉടൻ തന്നെ പരിസരവാസികളുടെ സഹായത്തോടെ പ്രതിയെ പിടികൂടി. തിരിച്ച് നൽകിയ പൊതിയിൽ കറുത്ത നിറത്തിൽ കുറച്ച് അവശിഷ്ടം മാത്രമാണ് ഉണ്ടായിരുന്നതെന്നും രണ്ടു പവനിലധികം സ്വർണം നഷ്ടമായതായും മകൻ പറഞ്ഞു. രക്ഷപ്പെട്ടയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.