മലപ്പുറം: വസ്ത്രങ്ങൾക്ക് നിറം നൽകുന്ന പദാർത്ഥം ചേർത്ത് ഉണ്ടാക്കിയ മിഠായികൾ പിടികൂടി. തിരൂരിൽ ബി പി അങ്ങാടി നേർച്ച ആഘോഷ സ്ഥലത്ത് വിൽപ്പനയ്ക്കുവച്ചപ്പോഴാണ് മിഠായി പിടികൂടിയത്. ശരീരത്തിന് ഏറെ ഹാനികരമായ റോഡമിന്‍ ബി എന്ന പദാർത്ഥമാണ് മധുരം നിറഞ്ഞ ചോക്ക് മിഠായികളിൽ അടങ്ങിയിരിക്കുന്നത്.ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർമ്മാണ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. തുണികളിൽ മുക്കുന്ന റോഡമിൻ ബി എന്ന നിറപ്പൊടിയാണ് പിടികൂടിയത്. തിരൂരിൽ ഇത്തരം മിഠായി വിൽപ്പന പിടികൂടിയശേഷമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവയുടെ നിർമ്മാണ ശാലകളില്‍ പരിശോധന നടത്തിയത്. മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മിഷണർ, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഈ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി. സാമ്പിൾ കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിൽ പരിശോധനക്കയച്ചു. എന്നാൽ ആരും ഇതേവരെ ഈ നിറം ഉപയോഗിച്ച് മിഠായി നിർമ്മിക്കരുതെന്ന് ഒരു മുന്നറിയിപ്പും തന്നിട്ടില്ലെന്നാണ് മിഠായി നിർമ്മാതാക്കൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്.അതേസമയം വായിലിട്ടാൽ പുക വരുന്ന ഭക്ഷ്യവസ്തുക്കൾ മലപ്പുറത്ത് നിരോധിച്ചു. ലിക്വിഡ് നൈട്രജനാണ് വെളുത്ത പുക നൽകുന്നത്. തിരൂർ പുതിയങ്ങാടി നേർച്ച നടക്കുന്ന സ്ഥലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തൃശൂരിൽ നിന്നുള്ള ചിലരാണ് ഇവിടെയെത്തി പുകയുള്ള ബിസ്‌കറ്റ് വിൽപന നടത്തിയിരുന്നത്. ഇത്തരം വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെട്ടാൽ ആന്തരികാവയവങ്ങൾ പൊള്ളിപ്പോകാൻ സാധ്യതയുണ്ട്. പുകയ്ക്കു കാരണം ലിക്വിഡ് നൈട്രജനാണെന്നു കണ്ടെത്തിയതോടെ കട പൂട്ടിച്ചു. സ്റ്റീൽ പാത്രത്തിൽ ശീതീകരിച്ച് സൂക്ഷിച്ച ലിക്വിഡ് നൈട്രജൻ പ്രത്യേക പൈപ്പ് ഉപയോഗിച്ച് എടുത്ത് വേഫർ ബിസ്‌കറ്റിലാക്കുന്നതോടെ ഇതിൽനിന്ന് പുക ഉയരും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!