കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് പൊലീസിനോട് ഹൈക്കോടതി. ഇവർക്ക് സെനറ്റ് അംഗങ്ങളായി പ്രവർത്തിക്കുന്നതിനു തടസ്സമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. പത്മശ്രീ ജേതാവ് ബാലൻ പൂതേരി അടക്കമുള്ള എട്ട് ബിജെപി സെനറ്റ് അംഗങ്ങളെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞിരുന്നു.ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെനറ്റിലേക്ക് നാമനിർദേശം ചെയ്ത 18 പേരിൽ ബിജെപിക്കാർ ഒഴികെയുള്ളവരെ എസ്എഫ്ഐ തടഞ്ഞിരുന്നില്ല. യുഡിഎഫ്, എൽഡിഎഫ് അംഗങ്ങളെയും കക്ഷിരഹിതരെയും എസ്എഫ്ഐക്കാർ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിച്ചു. ബാലൻ പൂതേരി അടക്കമുള്ള സെനറ്റ് അംഗങ്ങൾ ഏറെ നേരം പുറത്തു നിന്ന ശേഷം വിസി ഡോ. എം.കെ ജയരാജിനെ കണ്ട് പരാതി അറിയിച്ച് മടങ്ങുകയായിരുന്നു.