കാലടി: ലഹരി കച്ചവടത്തിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവതി വിദ്യാർഥികൾക്കിടയിൽ സിന്തറ്റിക് ലഹരിമരുന്ന് ഉൾപ്പെടെ വിൽപ്പന നടത്തുന്നയാളെന്ന് എക്സൈസ്. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. യൂട്യൂബ് വ്ലോഗറായ സ്വാതി വിദ്യാർത്ഥികളുമായി വളരെ വേഗം അടുപ്പം സ്ഥാപിക്കുകയും ലഹരിനൽകി തന്റെ കസ്റ്റമറാക്കി മാറ്റുകയുമാണ് രീതി. കോളജ് വിദ്യാർഥികൾക്കിടയിലടക്കം സിന്തറ്റിക് ലഹരിമരുന്നുകളടക്കം എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സ്വാതി.യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഏറെ നാളായി സ്വാതി കൃഷ്ണ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫിസർ ടി.വി. ജോൺസൺ, സിവിൽ എക്സൈസ് ഓഫിസർ രഞ്ജിത്ത് ആർ. നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.എം. തസിയ, ഡ്രൈവർ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.