പത്തനംതിട്ട: മൈലപ്രയിൽ മോഷണ ശ്രമത്തിനിടെ വ്യാപാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നില്‍ വലിയ ആസൂത്രണമാണ് നടന്നതെന്നും മദ്രാസ് മുരുകന്‍ എന്നറിയിപ്പെടുന്ന മുരുകന്‍ ആണ് മുഖ്യ സൂത്രധാരനെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. അഞ്ചു പ്രതികളാണ് ആകെയുള്ളത്.ജർമൻ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് മുരുകൻ. കേസില്‍ ഇതുവരെ നാലുപേരാണ് പൊലീസിന്‍റെ പിടിയിലായത്. തെങ്കാശി സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍, ഓട്ടോ ഡ്രൈവറായ ഹാരിബ്, പത്തനംതിട്ട സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്. മുത്തു കുമാരന്‍ എന്നയാളാണ് ഇനി പിടിയിലാകാനുള്ളത്.സംഭവം നടന്ന് എട്ടു ദിവസങ്ങള്‍ക്കുശേഷമാണ് പ്രതികള്‍ വലയിലാകുന്നത്. നഗരത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു. തുടര്‍ന്നാണ് ഹാരിബ് എന്ന ഓട്ടോ ഡ്രൈവറെ കണ്ടെത്തിയത്. ഒരു മാസം മുമ്പ് ഹാരിബ് കടയില്‍ എത്തിയിരുന്നു. അങ്ങനെയാണ് വ്യാപാരിയുടെ കഴുത്തില്‍ മാലയും കൈവശം പണവും ഉണ്ടെന്ന് മനസിലായത്. ഹാരിബ് ആണ് മറ്റുള്ള പ്രതികളെ ഒപ്പം കൂട്ടിയത്. മറ്റൊരു കേസില്‍ ഉൾപ്പെട്ട് ജയില്‍ കഴിയവേയാണ് ഓട്ടോ ഡ്രൈവറായ ഹാരിബ് തെങ്കാശി സ്വദേശി മുരുകനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഹാരിബും മുരുകനും ചേര്‍ന്ന് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇവര്‍ക്കൊപ്പം ബാലസുബ്രഹ്മണ്യനും മുത്തുകുമാരനും ചേര്‍ന്നു. കൃത്യം നടത്തിയശേഷം മോഷ്ടിച്ച സ്വര്‍ണം പത്തനംതിട്ട സ്വദേശി നിയാസിനാണ് വിറ്റതെന്നും ആകെ അഞ്ച് പ്രതികളാണുള്ളതെന്നും മുത്തു കുമാരനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും ജില്ലാ പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു. വ്യാപാരിയായ ജോർജ്ജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തി ഒൻപത് പവന്‍റെ മാലയും പണവും പ്രതികൾ കവർന്നത്.കടയിലെ സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്ക്ക് എടുത്തുമാറ്റി വമ്പൻ ആസൂത്രണത്തിലൂടെയാണ് പ്രതികൾ കൃത്യം നടത്തിയത്.