തിരുവനന്തപുരം: എ.ഐ. ക്യാമറകളുടെ നടത്തിപ്പിന് കെൽട്രോണിന് നൽകാനുള്ള പണം നൽകാൻ സർക്കാർ തീരുമാനമായി. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ക്യാമറകൾ സ്ഥാപിച്ചതിന് മൂന്നു മാസത്തേക്ക് 11.79 കോടി രൂപയാണ് കെൽട്രോണിനു നൽകേണ്ടത്. രണ്ട് ഗഡു കുടിശ്ശികയായതോടെ കൺട്രോൾ റൂമുകളുടെ പ്രവർത്തനം നിർത്തുമെന്ന് ചൂണ്ടിക്കാട്ടി കെൽട്രോൺ സർക്കാറിന് കത്ത് നൽകിയിരുന്നു.ധനവകുപ്പുമായി കൂടിയാലോചിച്ച് പ്രശ്നത്തിനു പരിഹാരം കാണുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചിരുന്നു. തുടർന്നു നടന്ന ചർച്ചയിലാണ് കുടിശ്ശിക നൽകാൻ തീരുമാനമായത്. 726 ക്യാമറയുടെ പദ്ധതിയിൽ 692 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ പിഴത്തുക തുക കുറച്ച് 9.39 കോടി നൽകിയാൽ മതിയെന്നും ഗതാഗത കമ്മീഷണർ സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാനാണ് സർക്കാർ ഉത്തരവ്.കുടിശ്ശിക വർധിച്ചതോടെ എ.ഐ. ക്യാമറ കൺട്രോൾ റൂമുകളിലെ താത്കാലിക ജീവനക്കാരെ കെൽട്രോൺ കുറച്ചിരുന്നു. പിഴ നോട്ടീസ് അയയ്ക്കുന്നതിനു നിയോഗിച്ചിരുന്ന 140 പേരിൽ 50 പേരെയാണ് കഴിഞ്ഞയാഴ്ച കെൽട്രോൺ പിൻവലിച്ചത്. കുടുംബശ്രീയിൽനിന്ന് ദിവസവേതനത്തിനാണ് ഇവരെ നിയോഗിച്ചിരുന്നത്.എ.ഐ. ക്യാമറകൾ വഴി പിഴയായി 35 കോടി ഖജനാവിലെത്തിയിരുന്നു. സെപ്‌റ്റംബർ മുതൽ നവംബർ അവസാനം വരെയുള്ള 120 കോടിയുടെ ചെലാൻ കൺട്രോൾ റൂമിൽ സജ്ജമാണ്. എന്നാൽ, തപാൽ ചെലവ് മുൻകൂർ അടയ്ക്കണമെന്നതിനാൽ അയച്ചിട്ടില്ല. ക്യാമറകൾ സ്ഥാപിച്ചത് കെൽട്രോൺ ഉപകരാറുകൾ നൽകിയ കമ്പനികളാണ്. പ്രവർത്തനം വിലയിരുത്തി മോട്ടോർവാഹന വകുപ്പ് തുക കൈമാറണം. പിഴത്തുക നേരിട്ട് ട്രഷറിയിലേക്കാണ് പോകുന്നത്. മോട്ടോർവാഹന വകുപ്പ് നൽകുന്ന റിപ്പോർട്ട് പ്രകാരമാണ് ധനവകുപ്പ് തുക അനുവദിക്കേണ്ടത്. ട്രഷറിയിലെ സാമ്പത്തികപ്രതിസന്ധി കാരണമാണ് തുക അനുവദിക്കാൻ വൈകിയത്.