തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസ് അവസാനിപ്പിച്ചത് താല്‍ക്കാലികമായാണെന്നും സി.ബി.ഐ. അന്വേഷണം തുടരുമെന്നും മുന്‍ ക്രൈം ബ്രാഞ്ച് എസ്.പി. കെ.ജി. സൈമണ്‍. കേസിൽ പ്രതീക്ഷകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ ജി സൈമണ്‍.ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തെ കുറിച്ച് സി.ബി.ഐക്ക് ആക്ഷേപമില്ല. സി.ബി.ഐയുടെ ലുക്ക് ഔട്ട് നോട്ടീസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സമൂഹത്തില്‍ പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതുപോലുള്ള കാര്യങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.2018 മാര്‍ച്ച് 22-ന് വെച്ചൂച്ചിറ മുക്കൂട്ടുതറയിലെ വീട്ടില്‍നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്നയെയാണ് പിന്നീട് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ജെസ്ന എവിടെയാണെന്നോ എങ്ങോട്ടാണ് പോയതെന്നോ കണ്ടെത്താനായില്ല. 2021-ല്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കേസ് സി.ബി.ഐ. ഏറ്റെടുത്തപ്പോള്‍ ഏവരും പ്രതീക്ഷയിലായിരുന്നു. പക്ഷേ, രണ്ടരവര്‍ഷത്തോളംനീണ്ട സി.ബി.ഐ. അന്വേഷണത്തിലും ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായില്ല.കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്നയ്ക്ക് കാണാതാകുമ്പോള്‍ പ്രായം 20 വയസായിരുന്നു. പരീക്ഷയ്ക്ക് മുന്നോടിയായുള്ള പഠനാവധിയ്ക്കിടെയാണ് ജെസ്ന പിതൃസഹോദരിയുടെ വീട്ടിലേക്ക് യാത്രതിരിച്ചത്. മൊബൈല്‍ഫോണ്‍ കൊണ്ടുപോയിരുന്നില്ല. രാവിലെ 9.30-ഓടെ ഓട്ടോയില്‍ കയറി ജെസ്ന മുക്കൂട്ടുതറയില്‍ എത്തി. പിന്നീട് ബസില്‍ എരുമേലിയില്‍ എത്തിയതായും വിവരം ലഭിച്ചു. പക്ഷേ, അതിനുശേഷം ജെസ്നയ്ക്ക് എന്ത് സംഭവിച്ചെന്നോ എവിടേക്കാണ് പോയതെന്നോ ആറുവര്‍ഷത്തോളമായിട്ടും ആര്‍ക്കും അറിയില്ല.പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷണം ഏറെ വൈകിയാണ് ആരംഭിച്ചത് എന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. ആദ്യദിവസങ്ങളില്‍ വെച്ചൂച്ചിറ പോലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും കാര്യമായ അന്വേഷണം നടത്തിയില്ലെന്നുമായിരുന്നു ആരോപണം.ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ജെസ്നയെക്കുറിച്ച് വിവരങ്ങള്‍ കിട്ടിയെന്നരീതിയിലായിരുന്നു എ.ഡി.ജി.പി.യായിരുന്ന ടോമിന്‍ തച്ചങ്കരി വിരമിക്കലിന്റൈ തൊട്ടുമുന്‍പ് പ്രതികരിച്ചത്. പക്ഷേ, ഇതേക്കുറിച്ച് പിന്നീട് വെളിപ്പെടുത്തലോ പ്രതികരണമോ ഉണ്ടായില്ല. സമാനരീതിയില്‍ ജെസ്ന കേസില്‍ ശുഭവാര്‍ത്ത കേള്‍ക്കുമെന്ന് പത്തനംതിട്ട എസ്.പി.യായിരുന്ന കെ.ജി. സൈമണും പ്രതികരിച്ചിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!