മക്ക: സൗദി അറേബ്യയിൽ വൻ സ്വർണനിക്ഷേപം കണ്ടെത്തി. മക്ക മേഖലയിലെ അൽ ഖുർമ ഗവർണറേറ്റിലാണ് സ്വർണനിക്ഷേപം കണ്ടെത്തിയത്. സൗദി അറേബ്യൻ മൈനിങ് കമ്പനി (മആദിൻ) കഴിഞ്ഞ വർഷം ആരംഭിച്ച പര്യവേക്ഷണ ദൗത്യത്തിനിടെയാണ് നിലവിലെ മൻസൂറ, മസറ സ്വർണ ഖനിക്ക് തെക്കുഭാഗത്തായി പുതിയ സ്വർണശേഖരം കണ്ടെത്തിയത്. ഈ ദൗത്യത്തിലെ ആദ്യ കണ്ടെത്തലാണിത്. മൻസൂറ, മസറ ഖനിക്ക് വടക്ക് 25 കിലോമീറ്റർ ദൂരെ ജബൽ അൽഗദാറയിലും ബീർ അൽതുവൈലയിലും പര്യവേക്ഷണങ്ങൾ തുടരുകയാണ്. പ്രദേശത്ത് ആകെ 125 കിലോമീറ്റർ നീളത്തിൽ വൻ സ്വർണ ശേഖരമുണ്ടെന്നാണ് കരുതുന്നത്.മിനറൽ പ്രൊഡക്ഷൻ ലൈൻ നിർമിക്കാനാണ് തീവ്രപര്യവേക്ഷണ പ്രോഗ്രാമിലൂടെ സൗദി അറേബ്യൻ മൈനിങ് കമ്പനി ലക്ഷ്യമിടുന്നത്. അൽഉറൂഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മൻസൂറ, മസറ ഖനിക്ക് തെക്ക് 100 കിലോമീറ്റർ ദൂരത്തിലും നടത്തിയ പര്യവേക്ഷണത്തിൽ പ്രോത്സാഹജനകമായ ഫലങ്ങൾ കണ്ടെത്തി. സൗദി അറേബ്യയിലെ ഏറ്റവും പുതിയതും വലുതും സാങ്കേതികമായി പുരോഗമിച്ചതുമായ സ്വർണ്ണ ഖനിയാണ് മൻസൂറ, മസറ എന്നത് ശ്രദ്ധേയമാണ്.മൻസൂറ, മസറ സ്വർണ ഖനിയിലെതിന് സമാനമായ ഭൂമിശാസ്ത്രപരവും രാസപരവുമായ സവിശേഷതകളുള്ള എക്കലാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. മൻസൂറ, മസറ ഖനിയിൽ നിന്ന് 400 മീറ്റർ ദൂരെ 61 മീറ്റർ താഴ്ചയിൽ ഒരു ടണ്ണിൽ 10.4 ഗ്രാം സ്വർണവും 20 മീറ്റർ താഴ്ചയിൽ ഒരു ടണ്ണിൽ 20.6 ഗ്രാം സ്വർണവും കണ്ടെത്തി.