തിരുവനന്തപുരം: കുറ്റവാളികളായ പോലീസുകാരെ പിരിച്ചുവിടാനൊരുങ്ങി സർക്കാർ. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാനാണ് തീരുമാനം. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകി.പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരുടെ പട്ടിക തയ്യാറാക്കി. ഇത് സൂക്ഷ്മ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ബേപ്പൂർ കോസ്റ്റൽ പോലീസ് മുൻ ഇൻസ്പെക്ടർ പി.ആർ.സുനു ബലാത്സം​ഗ കേസിൽ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദങ്ങൾ ഉയർന്നത്.ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ച് കയറുന്നവർ മുതൽ വകുപ്പ് തല നടപടികൾ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നവർ വരെ പൊലീസിൽ പതിവാണ്. ഇതൊഴിവാക്കാൻ സിഐ മുതൽ എസ്പിമാർ വരെയുള്ളവരുടെ സർവീസ് ചരിത്രം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സർവീസ് ചരിത്രം ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും.ബലാത്സം​ഗം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണ കടത്ത്, സ്ത്രീകൾക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും നിരവധിക്കേസിൽ അന്വേഷണം നേരിടുന്നതുമായി പൊലീസുകാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്യും. ഇടുക്കിയിൽ മാങ്ങ മോഷ്ടിച്ച പൊലീസുകാരനേയും എറണാകുളം റൂറലിൽ സ്വർണം മോഷ്ടിച്ച പൊലീസുകാരനേയും പിരിച്ചുവിടാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി തുടങ്ങി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!