കാസർകോട്: ഒരു ദിവസം മാത്രം തുറന്നു പ്രവർത്തിച്ചതിന് ശേഷം അടച്ചുപൂട്ടിയ കൺസ്യൂമർ ഫെഡ് മദ്യവിൽപ്പന ശാല തുറക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സമരം. ചെറുവത്തൂരിലെ കൺസ്യൂമർ ഫെഡ് മദ്യവിൽപ്പന ശാലയുടെ പ്രവർത്തനം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടാണ് സിഐടിയു തൊഴിലാളികൾ കുത്തിയിരിപ്പ് സമരം നടത്തുന്നത്. അതേസമയം, സമരം ശക്തമായിട്ടും പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ പാർട്ടിയുടെ യൂണിയൻ നടത്തുന്ന സമരത്തിൽ ഇടപെടാൻ സിപിഎം നേതൃത്വം തയ്യാറാകുന്നില്ല എന്നാണ് ആക്ഷേപം.ഒരു ദിവസം മാത്രം പ്രവർത്തിച്ച ശേഷം ചെറുവത്തൂരിലെ മദ്യവിൽപ്പന ശാല നവംബർ 24 നാണ് പൂട്ടിയത്. സമീപത്തെ ബാറിന് വേണ്ടി ഉന്നത ഇടപെടലിനെ തുടർന്നാണിതെന്നാണ് സിഐടിയു ആരോപണം. തങ്ങളുടെ തൊഴിൽ സംരക്ഷിക്കുന്നതിൻറെ ഭാഗമായാണ് സമരമെന്ന് ചുമട്ട് തൊഴിലാളികൾ പറയുന്നു. മദ്യവിൽപ്പന ശാലയിൽ നിന്ന് മദ്യം മാറ്റുന്നത് തടയാനാണ് സിഐടിയു ചുമട്ട് തൊഴിലാളികൾ കാവലിരിക്കുന്നത്.കൊടികുത്തിയുള്ള ഈ കുത്തിയിരിപ്പ് സമരം ഒരാഴ്ചയായി. ജില്ലയിലെ സിപിഎം ശക്തി കേന്ദ്രമാണ് ചെറുവത്തൂർ. ത്രിതല പഞ്ചായത്തുകൾ എല്ലാം ഭരിക്കുന്നത് സിപിഎം. സിഐടിയു സമരം നീളുമ്പോഴും പ്രശ്നം പരിഹരിക്കുമെന്ന ഒഴുക്കൻ മറുപടിയിലാണ് സിപിഎം ജില്ലാ നേതൃത്വം. ചെറുവത്തൂരിലെ കൊടികുത്തി സമരത്തിന് പിന്തുണയുമായി ഓട്ടോ തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സമീപ പ്രദേശങ്ങളിലെ സിഐടിയു പ്രവർത്തകരും എത്തുന്നു.