കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓട്ടോയെ ആശ്രയിക്കുന്നവർക്ക് ആശ്വാസമായി പുതിയ സംവിധാനം. ഇനി ഓട്ടോറിക്ഷ പിടിക്കാൻ സ്റ്റാൻഡ് വരെ നടക്കേണ്ട. ഓട്ടോ തൊഴിലാളികൾ സ്റ്റാൻഡിൽ സ്ഥാപിച്ച പുതിയ ടെലിഫോണിലേക്ക് വിളിച്ചാലുടൻ ഓട്ടോയെത്തും. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെയുള്ളവർ ഓട്ടോറിക്ഷ പിടിക്കാൻ ഓട്ടോ സ്റ്റാൻഡിലേക്ക് വരണമായിരുന്നു. ഈ സ്ഥിതിക്ക് പുതിയ സംവിധാനത്തോടെ പരിഹരമാകുമെന്ന് ഓട്ടോറിക്ഷ ജീവനക്കാർ പറയുന്നു.രാത്രിയിൽ തെരുവ് നായകളെ പേടിച്ചാണ് പലരും ഓട്ടോ സ്റ്റാൻഡിലേക്ക് വരുന്നത്. ഈ ബുദ്ധിമുട്ടിന് പരിഹരമായാണ് മെഡിക്കൽ കോളേജിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഓട്ടോ സ്റ്റാൻഡിൽ ടെലിഫോൺ സ്ഥാപിച്ചത്. 9447 554255 എന്ന ഫോൺ നമ്പർ മെഡിക്കൽ കോളേജ് കാമ്പസിലും വ്യാപാര സ്ഥാപനങ്ങളിലും പതിച്ചിട്ടുണ്ട്.പദ്ധതിയുടെ ഉദ്ഘാടനം സ്റ്റാൻഡിലെ ടെലിഫോണിലേക്ക് വന്ന കാൾ സ്വീകരിച്ച് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ സുദർശൻ ഉദ്ഘാടനം ചെയ്തു. നൂറോളം ഓട്ടോറിക്ഷകളാണ് മെഡിക്കൽ കോളജിലെ സ്റ്റാൻഡിൽ സർവീസ് നടത്തുന്നത്.