കൊച്ചി: ക്രിസ്മസിന് തലേന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത് പ്രണയിച്ച് വിവാഹം കഴിച്ചവൾക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ. ചെമ്പറക്കി നാല്‌സെന്റ് കോളനി ഭാഗത്ത് പാറക്കാട്ടുമോളം വീട്ടിൽ അനുമോൾ (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ വാഴക്കുളം നോർത്ത് ഏഴിപ്രം കൈപൂരിക്കര മുല്ലപ്പിള്ളിത്തടം വീട്ടിൽ രതീഷ് (30) നെ പെരുമ്പാവൂർ കോടതി റിമാൻഡ് ചെയ്തിരുന്നു.ക്രിസ്മസിന്റെ തലേന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് രതീഷ് ഭാര്യയായ അനുമോളെ ക്രൂരമായി കൊലപ്പെടുത്തിയത്. അനുമോൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് രതീഷ് അരുകൊല ചെയ്തത്. അനുമോളുടെ തലയ്ക്കും കഴുത്തിലും ഇരു കൈത്തണ്ടകൾക്കും പ്രതി മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.അനുമോളുടേയും രതീഷിന്റേതും പ്രണയ വിവാഹമായിരുന്നു. എന്നാൽ കുടുംബവഴക്കിനെ തുടർന്ന് അനുമോൾ തിരികെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട് ഇരുവരും തമ്മിൽ രമ്യതയിലാവുകയും ചെയ്തു. എന്നാൽ അനുമോൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഇരുവരും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.കുടുംബവഴക്കിനെ തുടർന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം അനുമോളുടെ കഴുത്തിന് വെട്ടുകയായിരുന്നു. കൊല്ലപ്പെട്ട അനുമോളുടെ അച്ഛനും അമ്മയും ജോലിക്ക് പോയിരിക്കുമ്പോഴായിരുന്നു അക്രമം നടത്തിയത്. അനുമോളുടെ അച്ഛൻ തിരികെയെത്തിയപ്പോൾ പരിക്കേറ്റ നിലയിൽ കണ്ട മകളെ ഉടനെ ആലുവയിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ ആലുവ ഭാഗത്ത് നിന്നാണ് പിടികൂടിയത്.ഇൻസ്‌പെക്ടർ ആർ.മനോജ് കുമാർ, എസ്.ഐമാരായ പി.എം. റാസിക്ക്, സി.എ ഇബ്രാഹിം കുട്ടി, എ.എസ്.ഐ എ.എച്ച് അജിമോൻ, സീനിയർ സി.പി.ഒ മാരായ കെ.കെ.ഷിബു, സി.എം.കരീം, കെ.ബി. മാഹിൻ ഷാ, പി.കെ. റെജിമോൻ സി.പി.ഒ മാരായ കെ.ആർ. വിപിൻ, ആരിഷാ അലിയാർ സാഹിബ്, എസ്. സന്ദീപ് കുമാർ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.