കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മുകാശ്മീർ ബാരാമുള്ള സ്വദേശി മുർത്താസാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ഇയാളെ പയ്യന്നൂർ പോലീസ് ചോദ്യം ചെയ്തുവരികയാണ്.പന്ത്രണ്ട് മണിയോടെ നാവിക അക്കാദമിയിൽ എത്തിയ ഇയാൾ ഗേറ്റ് വഴി അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ മുർതാസിനെ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ കോടതിയിൽ ഹാജരാക്കി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.