തിരുവനന്തപുരം: സപ്ലൈകോയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ക്രിസ്മസ് – പുതുവത്സര ചന്തകളിൽ 13 ഇനം സബ്സിഡി സാധനങ്ങൾക്കു കടുത്ത ക്ഷാമം. വൻപയർ, തുവരപ്പരിപ്പ്, പഞ്ചസാര, വൻകടല, പച്ചരി തുടങ്ങിയവ പലയിടത്തും ഇല്ല. മുൻപ് സാധനങ്ങൾ നൽകിയ വകയിൽ വിതരണക്കാർക്ക് 630 കോടിയിലേറെ രൂപ കുടിശിക നൽകാനുള്ളതിനാൽ ക്രിസ്മസിന് മുന്നോടിയായി സപ്ലൈകോ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ മാത്രമാണ് ഇത്തവണ ക്രിസ്മസ് ചന്തകൾ.തിരുവനന്തപുരം: പഞ്ചസാര, പച്ചരി, കുറുവ അരി, കടല, വൻ പയർ, ഉഴുന്ന് എന്നിവ ഇല്ല. മുളക്, മല്ലി, ചെറുപയർ, തുവരപ്പരിപ്പ്, അരി, വെളിച്ചെണ്ണ എന്നിവ ഉണ്ടെങ്കിലും ആവശ്യപ്പെടുന്ന അളവിലും കുറച്ചാണു നൽകുന്നത്.കൊല്ലം: ചെറുപയർ, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, മല്ലി എന്നീ സബ്സിഡി ഉൽപന്നങ്ങളാണുള്ളത്. അരി, ഉഴുന്ന് എന്നിവ ഇന്ന് എത്തുമെന്നും മറ്റുള്ളവ വരുംദിവസങ്ങളിൽ എത്തുമെന്നും ജീവനക്കാർ പ്രതീക്ഷിക്കുന്നു.പത്തനംതിട്ട: പഞ്ചസാര ഒഴികെയുള്ള 12 സബ്സിഡി ഇനങ്ങളും ഇന്നലെ രാത്രിയോടെ വിതരണത്തിനെത്തി.കോട്ടയം: വെളിച്ചെണ്ണ, മല്ലി, അരി എന്നിവ മാത്രമാണു സബ്സിഡി ഇനങ്ങളിൽ സ്റ്റോക്കുള്ളത്.എറണാകുളം: കഴിഞ്ഞ ദിവസം വരെ തുവരപ്പരിപ്പ്, മല്ലി, വെളിച്ചെണ്ണ എന്നീ സബ്സിഡി സാധനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ ചെറുപയർ, ഉഴുന്ന്, കടല, മുളക്, മട്ട അരി, ജയ അരി എന്നിവ കൂടിയെത്തി.തൃശൂർ: ആദ്യദിവസം ഉണ്ടായിരുന്ന അരി, പയർ, വെളിച്ചെണ്ണ, മല്ലി എന്നിവയ്ക്കു പുറമേ ഉഴുന്നു മാത്രമാണ് ഇന്നലെ കൂടുതലായി ഉണ്ടായിരുന്നത്. ആദ്യദിവസം സാധനങ്ങൾ ഇല്ലാതെ ആളുകൾ രോഷാകുലരായതിനെത്തുടർന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയർ എം.കെ.വർഗീസും എംഎൽഎ പി.ബാലചന്ദ്രനും ഇറങ്ങിപ്പോയിരുന്നു.പാളയത്ത് ഇപ്പോഴും രണ്ടിനം മാത്രംവിലവിവരം സൂചിപ്പിക്കുന്ന ബോർഡിൽ സാധനങ്ങൾ ഇല്ല എന്ന് എഴുതി പ്രദർശിപ്പിച്ചതിന്റെ പേരിൽ സ്റ്റോർ ചുമതല വഹിച്ചിരുന്ന ജൂനിയർ അസിസ്റ്റന്റിനെ സസ്പെൻഡ് ചെയ്തതിലൂടെ വിവാദകേന്ദ്രമായി മാറിയ കോഴിക്കോട് പാളയം സപ്ലൈകോ മാവേലി സ്റ്റോറിൽ ഇപ്പോഴും സബ്സിഡി സാധനങ്ങൾ വിൽപനയ്ക്കുള്ളത് രണ്ടെണ്ണം മാത്രം–ശബരി വെളിച്ചെണ്ണയും മല്ലിയും. പക്ഷേ സാധനം ഇല്ല എന്നെഴുതുന്നതു അന്നു നിർത്തിയതാണ്. സസ്പെൻഷൻ കാലാവധി കഴിഞ്ഞു സർവീസിൽ തിരിച്ചെത്തിയ ജീവനക്കാരൻ സപ്ലൈകോയുടെ നഗരത്തിലെതന്നെ മറ്റൊരു വിൽപനകേന്ദ്രത്തിലാണിപ്പോൾ ജോലി ചെയ്യുന്നത്.