ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിനെതിരെ കേസെടുക്കാമെന്ന് കോടതി. മുഖ്യമന്ത്രിയുടെ ഗൺമാൻ പ്രതിഷേധക്കാരെ മർദ്ദിച്ച സംഭവത്തിലാണ് കോടതിയുടെ നിരീക്ഷണം. കെ എസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നൽകിയ ഹർജിലാണ് ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഗൺമാനെ പ്രവർത്തിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്ത് എത്തിയിരുന്നു.സംഭവത്തിൽ കേസെടുക്കാനാണ് കോടതി നിർദേശം. ആലപ്പുഴ സൗത്ത് പൊലീസിനാണ് കോടതി നിർദ്ദേശം നൽകിയത്. പൊലീസ് കസ്റ്റഡിയിലിരിക്കേയാണ് ഗൺമാൻമാർ മർദ്ദിച്ചതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് എഡി തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവൽ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരും പൊലീസും ചേർന്ന് വളഞ്ഞിട്ട് തല്ലിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനിൽ കല്ലിയൂരിനും സന്ദീപിനുമെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഇവർ കോടതിയേ സമീപിച്ചത്. മുഖ്യമന്ത്രിയുടെ യാത്രയുടെ കോ ഓർഡിനേഷൻ ചുമതല മാത്രമുള്ള ഗൺമാൻ, ക്രസമാധാന പ്രശ്നത്തിൽ ഇടപെട്ടത് പൊലീസ് സേനയിലും ഭിന്നതക്ക് ഇടയാക്കിയിരുന്നു.മന്ത്രിസഭയുടെ ബസിന് നേരെ കരിങ്കൊടി കാട്ടുന്നവരെ പൊലീസും സി പി എം പ്രവർത്തകരും ചേർന്ന് കൈകാര്യം ചെയ്യുന്നത് നവകേരള സദസ്സിന്റെ തുടക്കം മുതൽ വിവാദമായിരുന്നു. ‘ജീവൻ രക്ഷാപ്രവർത്തനമെന്ന’ മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ സമക്കാരെ വളഞ്ഞിട്ട് തല്ലുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ സമരക്കാരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.